പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ബി.ജെ.പി.ക്കും കോൺഗ്രസിനും തിരിച്ചടിയായി പ്രമുഖ നേതാക്കൾ സി.പി.എമ്മിൽ ചേർന്നു. ബി.ജെ.പിയുടെ മുൻനിര നേതാവും യുവമോർച്ചയുടെയും കർഷക മോർച്ചയുടെയും ജില്ലാ പ്രസിഡന്റുമായിരുന്ന ശ്യാം തട്ടയിൽ ആണ് പാർട്ടി ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നത്. എ.ബി.വി.പി. ജില്ലാ പ്രമുഖ്, ബി.ജെ.പി.യുടെ അയോധ്യ ക്ഷേത്ര ട്രെയിൻ യാത്രയുടെ ക്യാപ്റ്റൻ, നിരവധി പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ചീഫ് കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച ശ്യാം തട്ടയിൽ, ബി.ജെ.പി., ആർ.എസ്.എസ്., സംഘപരിവാർ എന്നിവയുടെ വർഗീയ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് സി.പി.എമ്മിൽ എത്തിയത്.
ശ്യാം തട്ടയിലിനൊപ്പം, കുരമ്പാല സ്വദേശികളായ വിൽസൺ മത്തായി, പി.എസ്. അനീഷ് എന്നീ കോൺഗ്രസ് പ്രവർത്തകരും സി.പി.എമ്മിൽ ചേർന്നു. കോൺഗ്രസിലെ തമ്മിലടിയും വർഗീയ പ്രീണന നയങ്ങളും ആണ് പാർട്ടി ബന്ധം ഉപേക്ഷിക്കാൻ കാരണമെന്ന് ഇവർ വ്യക്തമാക്കി. സി.പി.എം. പന്തളം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു മൂന്നുപേരെയും മാലയിട്ട് സ്വീകരിച്ചു. ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ഇവർ ചെങ്കൊടി പിടിച്ച് സി.പി.എമ്മിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
