ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമ ചിത്രം ‘ബൈസൺ’ ബോക്സ് ഓഫീസിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇതിനിടയിൽ, ചിത്രം കണ്ടതിന് ശേഷം സംവിധായകൻ മണിരത്‌നം നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് തൻ്റെ കരിയറിലെ ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്ന് മാരി സെൽവരാജ് വെളിപ്പെടുത്തി.
“ബൈസൺ സിനിമ കണ്ടിട്ട് മണിരത്‌നം സാർ വിളിച്ച് അഭിനന്ദിച്ചു, നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ‘എനിക്ക് പടം വല്ലാത്ത ഷോക്കാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോൾ വലിയ സന്തോഷമായി. വളരെ ‘ഓഥൻ്റിക്കായ’ വർക്കാണ് എന്നെല്ലാം പറഞ്ഞത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നത്. മണി സാറിനെ തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്,” മാരി സെൽവരാജ് പറഞ്ഞു.
മണിരത്നത്തിന് തൻ്റെ ആദ്യ ചിത്രം ‘പരിയേറും പെരുമാൾ’ മുതൽ എല്ലാ സിനിമകളും ഇഷ്ടമാണ്. അദ്ദേഹം തനിക്ക് എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്നും, എപ്പോൾ കണ്ടാലും ഒരുപാട് നേരം സംസാരിക്കുമെന്നും മാരി സെൽവരാജ് കൂട്ടിച്ചേർത്തു. ‘ബൈസൺ’ കണ്ടതിന് ശേഷം അദ്ദേഹം മെസ്സേജ് അയക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തിയ ‘ബൈസൺ’, ധ്രുവ് വിക്രമിൻ്റെ ഗംഭീര പ്രകടനമാണ് പ്രധാന ഹൈലൈറ്റായി കണക്കാക്കപ്പെടുന്നത്. സിനിമയുടെ കഥക്കും പശുപതിയുടെ പ്രകടനത്തിനും പ്രേക്ഷകരുടെ കയ്യടി ലഭിക്കുന്നുണ്ട്. പാ രഞ്ജിത്തിൻ്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എൻ്റർടൈൻമെൻ്റ്സും നിർമ്മാണത്തിൽ പങ്കാളികളാകുന്ന ഈ ചിത്രത്തിൽ ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
