സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അടുത്ത ആഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അല്‍പ്പസമയം മുന്‍പാണ് പൂര്‍ത്തിയായത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഒന്‍പത് മണിക്കൂറാണ് ചോദ്യംചെയ്തത്. നേരത്തെ ഏഴ് മണിക്കൂര്‍ വീണയെ ചോദ്യംചെയ്തിരുന്നു. എസ്എഫ്‌ഐഒയില്‍ നിന്ന് ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യംചെയ്യല്‍.
ആദ്യഘട്ട ചോദ്യംചെയ്യലില്‍ വീണയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ഇ ഡി പറയുന്നത്. സിഎംആര്‍എല്ലിന് നല്‍കിയ സേവനം സംബന്ധിച്ച മൊഴിയിലും 2.78 കോടിയുടെ വിനിയോഗം സംബന്ധിച്ച മൊഴിയിലുമാണ് പൊരുത്തക്കേട് ഉണ്ടായിരുന്നത്. ഇതില്‍ വ്യക്തത വരുത്താനായിരുന്നു ഇന്നത്തെ ചോദ്യംചെയ്യല്‍. 134 രേഖകളാണ് ഇ ഡിയ്ക്ക് ഇന്നലെ എസ്എഫ്‌ഐഒയില്‍ നിന്നും ലഭിച്ചത്. വീണയും എക്‌സാലോജിക്കും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകളും വീണയുടെ ഐടി റിട്ടേണും വിശദമായ മൊഴിപ്പകര്‍പ്പുമാണ് എസ്എഫ്‌ഐഒ കൈമാറിയത്.
സിഎംആര്‍എല്‍ കമ്പനിയും ടി വീണയുടെ ഉടമസ്ഥതയിലുളള ‘എക്‌സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്‌സാലോജിക് നല്‍കിയ ഐടി സേവനങ്ങള്‍ക്കുളള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുളള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്. തുടര്‍ന്ന് എസ്എഫ്‌ഐഒ ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.
