Home » Blog » kerala Max » ബംഗാൾ ബജറ്റ്: ന്യൂനപക്ഷ വികസന ഫണ്ട് വെട്ടിച്ചുരുക്കി ബിജെപി സർക്കാർ; ആദ്യ ബജറ്റിൽ തന്നെ തുക കുറച്ചതായി റിപ്പോർട്ട്
images(6)

ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് വെട്ടിക്കുറച്ച് പശ്ചിമബംഗാളിലെ ബിജെപി സര്‍ക്കാര്‍. 2026-2027 ബജറ്റില്‍ ധനവകുപ്പ് മന്ത്രി സ്വപന്‍ ദാസ്ഗുപ്ത 2165.42 കോടി രൂപയാണ് ന്യൂനപക്ഷ വകുപ്പിന് വേണ്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 5713 കോടി രൂപയാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വകയിരുത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ മമത ബാനര്‍ജി സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന് കൂടുതല്‍ പണം നീക്കിവെക്കുന്നതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. നിലവില്‍ ബിജെപി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് റിതബ്രത ബാനര്‍ജി രംഗത്തെത്തി.

‘കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് ഈ വകുപ്പിനായി 5000 മുതല്‍ 5600 കോടി വരെയാണ് ബജറ്റില്‍ വകയിരുത്തി കൊണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പകുതിയിലധികമായി തുക കുറച്ചു. ഇത് ശരിക്കും നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഈ ബജറ്റില്‍ പ്രതിഫലിച്ചില്ല’, റിതബ്രത പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി മമത ദീദിയുടെ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ഘോഷും പ്രതികരിച്ചു.