താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ പുകയുന്ന വിവാദങ്ങളിലും ഗ്രൂപ്പ് പോരുകളിലും രൂക്ഷവിമർശനവുമായി നടി മാലാ പാർവതി. നടി അൻസിബ ഹസ്സൻ ഉയർത്തിയ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ കൃത്യമായ മറുപടി നൽകണമെന്നും, സംഘടനയിലെ ഒരു സാധാരണ ഓഫീസ് ജീവനക്കാരിയെപ്പോലും ചിലർ ഗ്രൂപ്പ് വഴക്കുകൾക്കായി ദുരുപയോഗം ചെയ്തെന്നും മാലാ പാർവതി തുറന്നടിച്ചു.
അൻസിബയെ യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിൽ ഭാരവാഹികൾക്ക് വീഴ്ച പറ്റിയെന്ന് മാലാ പാർവതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് തന്നെ വിളിക്കുമെന്ന് കള്ളം പറഞ്ഞതെന്ന് അൻസിബ ഇപ്പോഴും ചോദിക്കുന്നുണ്ട്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് അൻസിബയെ യോഗത്തിലേക്ക് ഔദ്യോഗികമായി വിളിക്കുകയും സംഘടനയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്യണമായിരുന്നു. അതെന്തുകൊണ്ട് ചെയ്തില്ല എന്നതിന് കുക്കു പരമേശ്വരനും ശ്വേതാ മേനോനും ഉത്തരം പറയണം. “അൻസിബയെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. അവർ കൊച്ചുകുട്ടിയൊന്നുമല്ല; നല്ല ബോധമുള്ള, തലയിൽ ആൾത്താമസമുള്ള, നേരുള്ള കുട്ടിയാണ്” മാലാ പാർവതി വ്യക്തമാക്കി.
സംഘടനയിലെ ഓഫീസ് ജീവനക്കാരിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദുരൂഹമാണെന്ന് മാലാ പാർവതി ആരോപിച്ചു. ട്രഷറർ പീഡിപ്പിച്ചു എന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്നും, ജോലി സമയവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടാകാമെങ്കിലും താൻ ആ പെൺകുട്ടിക്കൊപ്പമാണെന്നും അവർ പറഞ്ഞു. എന്നാൽ, ഈ ജീവനക്കാരിയെപ്പോലും സംഘടനയിലെ ചിലർ ഗ്രൂപ്പ് വഴക്കിനായി ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടാണ് നടി ശ്വേതാ മേനോൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും അവർ തിരികെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാകാതിരുന്നതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
