തിരുവനന്തപുരം :- കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്)ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു.
സംസ്ഥാനത്തെ ഒരു ‘ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി’ മാറ്റാനുള്ള ദീർഘവീക്ഷണവും, പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി 100 കോടി രൂപ വകയിരുത്തിയതും, ഡാമുകളിലെ ഫ്ലോട്ടിങ് സോളാർ പാനൽ പദ്ധതിയും പരിസ്ഥിതി സൗഹൃദ വികസനത്തിന് മികച്ച മാതൃകകളാണ്. കൂടാതെ, കൊച്ചി-ആലുവ-പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ചുള്ള ‘ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്’, ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച നടപടി, ‘ബ്രാൻഡ് വയനാട്’ ആശയം, ക്ഷീരവികസന മേഖലയ്ക്കായി മാറ്റിവെച്ച 102.88 കോടി രൂപ എന്നിവയും., മലയോര ജനതയുടെ വലിയൊരു ആശങ്കയായ മനുഷ്യ-വന്യജീവി സംഘർഷത്തിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാശ്വത പരിഹാരം കാണാൻ 192.20 കോടി രൂപ വകയിരുത്തിയതും അങ്ങേയറ്റം ആശ്വാസകരവും പ്രതീക്ഷ നൽകുന്നതുമാണ്.
കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കാൻ 200 കോടി രൂപ മാറ്റിവെക്കുകയും വിനോദസഞ്ചാരത്തിന് വലിയ പ്രാധാന്യം നൽകുകയും ചെയ്യുമ്പോഴും,
മലയോര മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് മേൽ ഈ ബജറ്റ് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
കാൽനൂറ്റാണ്ടിലധികമായി കാത്തിരിക്കുന്ന ‘ശബരി റെയിൽവേ’ പദ്ധതിയെക്കുറിച്ചും നിർദ്ദിഷ്ട ‘ശബരിമല വിമാനത്താവള’ത്തെക്കുറിച്ചും ബജറ്റിൽ ഒരു വരി പോലും പരാമർശിക്കാത്തത് അങ്ങേയറ്റം നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.
ശബരിമലയുടെ വികസനം എന്നാൽ മലയോരത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ സാമ്പത്തിക വളർച്ചയുടെ വലിയൊരു വാതിലാണ്. ശബരി റെയിൽവേ കേവലം എരുമേലിയിൽ അവസാനിപ്പിക്കാതെ, അതിനെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചാൽ അത് വിപ്ലവാത്മകമായ വികസന കുതിച്ചുചാട്ടത്തിന് വഴിതുറക്കുകയും ബജറ്റിൽ പ്രഖ്യാപിച്ച ‘ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്’ അതിന്റെ പൂർണ്ണ നിലവാരത്തിൽ എത്താൻ സഹായിക്കുകയും ചെയ്യും. സർക്കാർ ടൂറിസം, വാണിജ്യ മേഖലകളിൽ വൻ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനാൽ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന ശബരി റെയിൽവേ പാത യാഥാർത്ഥ്യമായാൽ അത് ആഗോള പ്രശസ്തമായ ശബരിമല തീർത്ഥാടനത്തിന് പുറമെ ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, മതസൗഹാർദ്ദത്തിന്റെ പ്രതീകമായ എരുമേലി വാവര് പള്ളി, പാലാ ഭരണങ്ങാനംപള്ളി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ലോകപ്രശസ്തമായ മൂന്നാർ, റാന്നി വെച്ചൂച്ചിറയിലെ പെരുന്തേൻ അരുവി, കോന്നി ആനക്കൂട്, ബോട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ ചെറുതും വലുതുമായ മലയോര ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുകയും ചെയ്യും. ഇതിനൊപ്പം മലയോര മേഖലയിലെ പ്രധാന വരുമാന മാർഗ്ഗങ്ങളായ തേയില, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും റബ്ബർ വ്യവസായത്തിന്റെയും വിപണനത്തിനും കാലടിയിലെ പ്രശസ്തമായ അരി വ്യവസായ മേഖലയ്ക്കും ഇത് പുതിയ വാണിജ്യ സാധ്യതകൾ തുറക്കുന്നതിനൊപ്പം ഇവിടുത്തെ കാർഷിക ഉൽപ്പന്നങ്ങൾ വിഴിഞ്ഞം പോർട്ട് വഴി അന്താരാഷ്ട്ര വിപണിയിൽ അതിവേഗം എത്തിക്കാനും സഹായിക്കും. ഈ രണ്ട് സുപ്രധാന പദ്ധതികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകിയാൽ വ്യവസായ-വാണിജ്യ-ടൂറിസം മേഖലകളിൽ വൻതോതിൽ പണം മുടക്കാൻ വൻകിട സ്വകാര്യ കമ്പനികൾ സന്നദ്ധമായി നിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്, എന്നാൽ ബജറ്റിലെ ഈ മൗനം മലയോര നിവാസികളുടെയും ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തന്മാരുടെയും നിക്ഷേപകരുടെയും ആശങ്ക വർദ്ധിപ്പിക്കുന്നു.
വലിയ വികസന പദ്ധതികൾ ഒന്നുമില്ലാതെ മലയോര ജനതയെയും ശബരിമല തീർത്ഥാടകരെയും തഴഞ്ഞുകൊണ്ടുള്ള ഈ മുന്നോട്ടുപോക്ക് അംഗീകരിക്കാനാവില്ല. കേവലം യാത്രാസൗകര്യം എന്നതിനപ്പുറം വലിയൊരു സാമ്പത്തിക ശൃംഖലയ്ക്ക് അടിത്തറയിടേണ്ട ഈ പദ്ധതികളോട് കാണിച്ച അഗണന സർക്കാർ തിരുത്തണം. ബജറ്റ് ചർച്ചകളിൽ അടിയന്തര ഭേദഗതി വരുത്തി, ശബരി റെയിൽവേയ്ക്കും ശബരിമല വിമാനത്താവളത്തിനും ആവശ്യമായ ഫണ്ട് വകയിരുത്താനും മലയോരത്തിന്റെ യാത്രാക്ലേശത്തിനും വികസന മുരടിപ്പിനും ശാശ്വത പരിഹാരം കാണാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അശ്വന്ത് ആവശ്യപ്പെട്ടു.
