Home » Blog » Kerala » പീഡനക്കേസ് പ്രതിക്ക് നീറ്റ് റീ-ടെസ്റ്റിൽ പങ്കെടുക്കാൻ 4 ദിവസത്തെ ഇടക്കാല ജാമ്യം
court-1-680x450

നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കാൻ പീഡനക്കേസ് പ്രതിക്ക് താത്കാലിക ജാമ്യം അനുവദിച്ച് മുംബൈയിലെ പ്രത്യേക പോക്സോ കോടതി. ജൂൺ 21-ന് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കുന്നതിനായി നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന 18-കാരനായ പ്രതിക്കാണ് കോടതി നാല് ദിവസത്തെ ജാമ്യം നൽകിയത്. ജൂൺ 18 മുതൽ 21 വരെയാണ് ജാമ്യ കാലാവധി.

 

പ്രതിക്ക് തെറ്റ് തിരുത്താനുള്ള അവസരം നൽകണമെന്നും, കുറ്റവാളികളെ പുനരധിവസിപ്പിക്കുക എന്നത് കൂടി ക്രിമിനൽ നീതി വ്യവസ്ഥയുടെ ലക്ഷ്യമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസ് സാന്നിധ്യത്തിൽ പരീക്ഷ എഴുതുന്നത് പ്രതിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും അതിനാൽ ജാമ്യം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. പൊലീസ് എസ്‌കോർട്ടിൽ പരീക്ഷ എഴുതാൻ അനുവദിക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

 

എങ്കിലും, പ്രതിയുടെ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റും പ്രൊവിഷണൽ നീറ്റ് അഡ്മിറ്റ് കാർഡും പരിശോധിച്ച ശേഷം ജാമ്യം നൽകാൻ മതിയായ കാരണമുണ്ടെന്ന് കോടതി വിലയിരുത്തുകയായിരുന്നു. അതിജീവിത ജാമ്യത്തെ എതിർത്തില്ല എന്നതും കോടതി പരിഗണിച്ചു.

 

പുനഃപരീക്ഷയിൽ പങ്കെടുക്കാൻ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി കർശനമായ ഉപാധികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൻ പ്രകാരം, 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും പ്രതി കെട്ടിവെക്കണം. അതിജീവിതയെയോ കുടുംബത്തെയോ ഒരുവിധത്തിലും ഭീഷണിപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യാൻ പാടില്ലെന്നും, തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷയിൽ പങ്കെടുത്തതിന്റെ രേഖകൾ ഹാജരാക്കണമെന്നും, ജൂൺ 22-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് ജയിലിൽ തിരിച്ചെത്തി കീഴടങ്ങണമെന്നും ജാമ്യ വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുണ്ട്.