അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതല വയോജന ദിനാഘോഷം ഇന്ന് (ഒക്ടോബർ 30) ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണിക്ക് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി മേരി ടെൽഷ്യ അധ്യക്ഷയാകും. ജില്ലാ സാമൂഹ്യ നീതി ഓഫീസിൻ്റെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണൽ, വയോമിത്രം യൂണിറ്റ്, സായംപ്രഭ ഹോമുകൾ, ഓൾഡ് ഏജ് ഹോമുകൾ, ജില്ലാതല വയോജന കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് മുഖ്യാതിഥിയാകും. ഡിഎൽഎസ്എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ പ്രമോദ് മുരളി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വയോസേവന അവാർഡ് ജേതാവ് പി കെ മേദിനി, മാസ്റ്റേഴ്സ് കായികരംഗത്ത് മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന തങ്കച്ചൻ എന്നിവരെ ആദരിക്കും. സബ് കളക്ടർ സമീർ കിഷൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി അശ്വതി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
