ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. 2019-ൽ സംഭവിച്ച അതേ സുരക്ഷാ വീഴ്ച 2025-ലും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഭരണപരമായ കാര്യങ്ങളിൽ വലിയ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
സന്നിധാനത്തുനിന്ന് സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിലാണ് ബോർഡിന് ഗുരുതരമായ പിഴവ് പറ്റിയത്. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇത്തരത്തിൽ സ്വർണ്ണപ്പാളികൾ പുറത്തുകൊണ്ടുപോയത് വലിയ വിവാദമായിരുന്നു. എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെ ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുകയാണ്.
