കൽപ്പറ്റ: രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ 45 പേർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ പത്ത് സീറ്റുകൾ വീതം അധികമായി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 എം.ബി.ബി.എസ്, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജിലെ 20 ബി.എസ്സി നഴ്സിംഗ്, ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ 20 ബി.ഫാം എന്നീ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കായിരിക്കും ഈ സമ്പൂർണ്ണ ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് ലഭിക്കുക. യോഗ്യരായ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചരിത്ര നേട്ടം തുടരുകയാണ്.
അക്കാദമിക് യോഗ്യതയും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്താണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
* എം.ബി.ബി.എസ് സ്കോളർഷിപ്പ് (5 സീറ്റുകൾ): പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകർ 2026-ലെ നീറ്റ് (NEET) കേരള സ്റ്റേറ്റ് റാങ്ക് 3000-ത്തിന് ഉള്ളിൽ വരുന്നവരായിരിക്കണം. കൂടാതെ പന്ത്രണ്ടാം ക്ലാസിൽ കുറഞ്ഞത് 75% മാർക്കുള്ളവരും കേരളത്തിൽ സ്ഥിരതാമസക്കാരുമായിരിക്കണം.
* ബി.എസ്സി നഴ്സിംഗ് & ബി.ഫാം സ്കോളർഷിപ്പുകൾ (20 സീറ്റുകൾ വീതം): പന്ത്രണ്ടാം ക്ലാസിൽ (സയൻസ് ഗ്രൂപ്പ്) കുറഞ്ഞത് 75% മാർക്കുള്ളവരും, വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം അപേക്ഷകർ.
“ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സ് പ്രോഗ്രാം കേവലം ഒരു സാമ്പത്തിക സഹായത്തിന് അപ്പുറത്തേക്ക് വളരുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇത്തവണ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, കഴിവുള്ളവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികളെ നമ്മുടെ സമൂഹത്തിന് ആവശ്യമുള്ള കരുണയുള്ള ആരോഗ്യ പ്രവർത്തകരായി മാറ്റാൻ ഈ പദ്ധതിക്ക് സാധിക്കും,” എന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനും, ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
പിന്നാക്ക മേഖലകളിലെ ആരോഗ്യരംഗം പരിവർത്തനം ചെയ്യുകയെന്ന ഡോ. ആസാദ് മൂപ്പന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ് ഈ സംരംഭം. കേരളത്തിലെ മലയോര-ഗോത്രവർഗ്ഗ മേഖലയും പിന്നാക്ക ജില്ലയുമായ വയനാട്ടിൽ 2012-ൽ സ്ഥാപിതമായ ആദ്യ മെഡിക്കൽ കോളേജാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഇതുവരെ തൊള്ളായിരത്തോളം യുവ ഡോക്ടർമാരെ വാർത്തെടുത്ത ഈ സ്ഥാപനം, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സുസ്ഥിരമായ ഒരു കേന്ദ്രമായി നിലകൊള്ളുന്നു.
2026 ബാച്ചിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക: https://www.dmscholarship.in/ ഫോൺ. 8111 888 626.
പത്ര സമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ ബഷീർ യു, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ. ഡോ. ലാൽ പ്രശാന്ത് എം എൽ, ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു.
