പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെ മേൽക്കൂര കഴുകി. മൂന്നിടത്തായിരുന്നു നിറ വൃത്യാസം കാണപ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയാണ് ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത്. നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതര്‍ കണ്ടെത്തി.
