ധനുഷ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഇഡ്‍ലി കടൈ’. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ സിനിമ നെറ്റ്ഫ്ലിക്സിലൂടെ ഇപ്പോൾ ഒടിടിയിലും പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ‘തിരുച്ചിദ്രമ്പലം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്-നിത്യ മേനൻ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ശാലിനി പാണ്ഡെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടർബാർ ഫിലിംസ്, ഡോൺ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഒക്ടോബർ ഒന്നിന് റിലീസ് ചെയ്ത ‘ഇഡ്‍ലി കടൈ’ ആഗോളതലത്തിൽ ഇതുവരെ 71.27 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്.
‘ഇഡ്‍ലി കടൈ’ ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ്. ഇതിനുമുമ്പ് അദ്ദേഹം ഒരുക്കിയ ‘പ പാണ്ടി’, ‘രായൻ’, ഈ വർഷം റിലീസ് ചെയ്ത ‘നിലാവുക്ക് എന്മേൽ എന്നടി കോപം’ എന്നീ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ ശ്രദ്ധ ആകർഷിച്ചവയാണ്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്.
