നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് എഐസിസി. സ്ഥാനാർത്ഥി നിർണയം വിജയ സാധ്യത മാത്രം അടിസ്ഥാനമാക്കി മതിയെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഒരു കോർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. ഇന്നലെ നടന്ന ഹൈക്കമാൻഡിന്റെ അടിയന്തര യോഗത്തിൽ ക്ഷണം ലഭിച്ചവരെല്ലാം ഈ കോർ കമ്മിറ്റിയുടെ ഭാഗമാകും. കെപിസിസിയോ രാഷ്ട്രീയ കാര്യസമിതിയോ വിളിച്ച് ചേർക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് കോർ കമ്മിറ്റിക്ക് തീരുമാനമെടുക്കാനുള്ള ചുമതല നൽകുന്നത്.
നേതാക്കൾക്കിടയിൽ ഐക്യം ഉണ്ടാകണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള എല്ലാ പ്രധാന കാര്യങ്ങളും ഈ കോർ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ഇന്നലെ നടന്ന ചർച്ചയിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എഐസിസി നേതൃത്വം വിലയിരുത്തി. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും തങ്ങളുടെ പ്രചാരണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
