പാലക്കാട്: പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെയാണ് ഭീഷണിപ്പെടുത്തിയത്. ഫോൺ വിളിച്ചായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി നാട്ടുകൽ പൊലീസ് തുടങ്ങിയവർക്ക് മണികണ്ഠൻ പരാതി നൽകി.
‘എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും. നിന്റെ കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് കരുതിയിരുന്നോ’- എന്നായിരുന്നു ഭീഷണിയെന്നാണ് പരാതിക്കാരൻ പറയുന്നത്.
ശശിയുടെ വീടുൾപ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചിൽ വോട്ടു കുറഞ്ഞിരുന്നു. ഇതാണ് ഭീഷണിക്ക് കാരണമെന്നാണ് സൂചന.
