ജൂനിയർ ആർട്ടിസ്റ്റായും, ഗിറ്റാറിസ്റ്റായും ആര്‍ക്കിടെക്റ്റായും ജോലി , ഇന്ന് കൊൽക്കത്ത ടീമിൽ; ക്രിക്കറ്റ് യാത്രയെ കുറിച്ച് പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി

ക്രിക്കറ്റ് താരമാവാനുള്ള യാത്രയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് സിനിമയിലും ഭാഗ്യപരീക്ഷണം നടത്തിയിരുന്നതായാണ് വരുണിന്റെ വെളിപ്പെടുത്തല്‍. ഗിറ്റാറിസ്റ്റായും ആര്‍ക്കിടെക്റ്റായും ജോലി നോക്കിയിരുന്നുവെന്നും സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചു എന്നും താരം പറഞ്ഞു.

വിരമിച്ച ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലാണ് വരുണ്‍ മനസുതുറന്നത്. കോളേജ് പഠനകാലത്ത് പ്രതിമാസം 14,000 രൂപ ശമ്പളത്തില്‍ ഒരു ആര്‍കിടെക്ച്വറല്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചതായി വരുണ്‍ പറഞ്ഞു. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ 18,000 രൂപയായിരുന്നു ശമ്പളം. 24-ാം വയസ്സില്‍ സിനിമയില്‍ സംവിധാന സഹായിയായി. സംവിധായകന്‍ സുശീന്ദ്രന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നതിനിടെ, 2014-ല്‍ ജീവ പ്രധാനകഥാപാത്രമായ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. ദിവസം 600 രൂപയായിരുന്നു പ്രതിഫലമെന്ന് വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.

ഇപ്പോഴത്തെ ഡെയ്‌ലി അലവന്‍സ്‌ എത്രയാണ്‌ എന്ന അശ്വിന്റെ ചോദ്യത്തിന് 25,000 എന്ന് ചെറുചിരിയോടെ വരുണ്‍ മറുപടി നല്‍കി. ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന സമയത്താണ് താന്‍ സിനിമയില്‍ ക്രിക്കറ്റ് താരമായി അഭിനയിച്ചത്. ഒരുസിക്‌സ് അടിച്ചാല്‍ 300 രൂപയും ഒരു യോര്‍ക്കര്‍ എറിഞ്ഞാല്‍ 200 രൂപയും നല്‍കാമെന്ന് അവര്‍ അനൗണ്‍സ് ചെയ്യുമായിരുന്നുവെന്നും വരുണ്‍ ഓര്‍ത്തു.

ആര്‍ക്കിടെക്റ്റ് ജോലി വിട്ടാണ് വരുണ്‍ ക്രിക്കറ്റിലെത്തിയത്. 2018-ല്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ 2019-ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് വഴി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. 2020-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി. കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ 12 കോടിക്കാണ് കൊല്‍ക്കത്ത വരുണിനെ നിലനിര്‍ത്തിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *