വിസ്‍മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക്

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍ എത്തുന്നു. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് വിസ്മയായുടെ തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് വരുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തെ ഉണ്ട്.

എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു. ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആയിരിക്കുമെന്ന രീതിയിലാണ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടത്തിയത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി അടുത്ത കാലത്ത് തുടര്‍ച്ചയായി തിയറ്ററുകളില്‍ എത്തിയത്.

ലൂസിഫറിന്‍റെ സീക്വല്‍ ആയ, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാനും തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രവുമായിരുന്നു അത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കളക്റ്റ് ചെയ്ത ചിത്രമാണ് നിലവില്‍ തുടരും. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടിയ ചിത്രമായി മാറി തുടരും. മലയാള സിനിമയെ സംബന്ധിച്ച് ഇതും റെക്കോര്‍ഡ് ആണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *