ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്ന പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി 

കോഴിക്കോട: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എഫ്ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ, കാവിവല്‍ക്കരണ നയങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നത്. പാഠപുസ്തക ഭേദഗതികള്‍ ഞങ്ങള്‍ അംഗീകരിച്ചില്ല. മാത്രമല്ല, പാഠപുസ്തങ്ങളില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം പക തീര്‍ക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.

 

ഒരു ഭാഗത്ത് വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവല്‍ക്കരിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുന്ന നിലപാടുകളാണ് ആര്‍എസ്എസ് ആജ്ഞ അനുസരിച്ച് ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പരസ്യമായി ഭരണഘടനക്കെതിരെ വരുന്നു. ജനാധിപത്യ വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങള്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ പൊതുവായ സ്വഭാവം ഇവര്‍ മാറ്റി മറയ്ക്കുകയാണ്.

 

ബിജെപിയെന്നത് സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ആര്‍എസ്എസ് നേതൃത്വം അംഗീകരിച്ച അവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടിയാണത്. ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഇരട്ടപെറ്റ മക്കളാണ്. സയണിസ്റ്റുകളുടെ എല്ലാ ഭീകരവാദത്തിനും ഒപ്പം നില്‍ക്കുന്നവരാണ് ആര്‍എസ്എസുകാര്‍. ആര്‍എസ്എസ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. അവരുടേത് മുസോളിനിയുടെയും ഹിറ്റ്ലറുടേയും ഫാസിസ്റ്റ് നയമാണ്. അവരുടെ വിചാരധാരയില്‍ എഴുതി വച്ചിരിക്കുന്ന മൂന്ന് ശത്രുക്കള്‍ മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരാണ്. ഇത് ഭാരതത്തിന്റെ പൈതൃകങ്ങളില്‍ നിന്നോ ഇതിഹാസങ്ങളില്‍ നിന്നോ കിട്ടിയതല്ല. ആ ആശയം ഹിറ്റ്ലറുടേതാണെന്നും പിണറായി പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *