സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; 14 ജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 9 ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
മലയോര മേഖലകളിൽ മഴ ശക്തമാകുമെന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കും. അതിനിടെ, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 10 വരെ മത്സ്യബന്ധനത്തിന് കർശന നിരോധനം ഏർപ്പെടുത്തി. ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, ബംഗാൾ ഉൾക്കടൽ തുടങ്ങിയ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
