Home » Blog » Kerala » കോതമംഗലം സിഐക്കെതിരായ വെല്ലുവിളി; അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ നീക്കം
arjun-ayanki-case

കോതമംഗലം സിഐയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. സിഐ പ്രശാന്തിനെതിരെ ഫേസ്ബുക്കിലൂടെ പരസ്യമായ ഭീഷണി മുഴക്കിയതിന് അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം നേരത്തെ കേസെടുത്തിരുന്നു.

സംഘടിത കുറ്റകൃത്യ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി വീണ്ടും വിവാദത്തിൽപ്പെട്ടത്. ‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ പങ്കുവെച്ച പോസ്റ്റിൽ, സമാധാനമായി പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ലെന്നും, കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും കായികപരമായും നേരിടുമെന്നും ആയങ്കി ഭീഷണി മുഴക്കിയിരുന്നു. പോലീസ് നടപടി തന്നെയും സുഹൃത്തുക്കളെയും ദ്രോഹിക്കാൻ വേണ്ടിയാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു.

കഴിഞ്ഞ മാസം പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കവേയാണ് മരട് അനീഷിന്റെ കൂട്ടാളികൾ ഉൾപ്പെടെയുള്ള സംഘത്തെ കോതമംഗലം പോലീസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളും അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് സിഐക്കെതിരായ ഭീഷണിക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.