മെഡിക്കൽ കോളേജിൽ പുതിയ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു  

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിന് കീഴിൽ പുകവലി മോചന ക്ലിനിക്കിന്റെയും ശ്വാസകോശ പുനരധിവാസ ചികിത്സ ക്ലിനിക്കിന്റെയും പ്രവർത്തനത്തിന് തുടക്കമായി. എച്ച് സലാം എം‌എൽ‌എ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്വാസകോശ രോഗികൾക്ക് ക്ലിനിക്കുകളുടെ പ്രവർത്തനം ഏറെ ആശ്വാസമാകുമെന്ന് എംഎൽഎ പറഞ്ഞു.

 

ശ്വാസകോശ അർബുദം, ദീർഘകാല ശ്വാസതടസ രോഗങ്ങൾ തുടങ്ങിയവക്കും ഹൃദയ സംബന്ധിയായ മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന പുകവലിയിൽ നിന്നും ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുകവലി മോചന ക്ലിനിക്ക് പ്രവർത്തിക്കുക. രോഗ സ്ഥിതിക്കനുസൃതമായ വ്യായാമമുറകളും ശ്വസന വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും കൗൺസലിങ്ങും ചേർന്നുള്ള സമഗ്ര ചികിത്സ പദ്ധതിയാണ് ശ്വാസകോശ പുനരധിവാസ ചികിത്സ. രോഗികളുടെയും ബന്ധുക്കളുടെയും ആശങ്കകൾ അകറ്റുക, ചികിത്സ കൂടുതൽ സമഗ്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശ്വാസകോശ പുനരധിവാസ ചികിത്സ ക്ലിനിക്ക് പ്രവർത്തിക്കുക. പുകവലി മോചന ക്ലിനിക്കിൻ്റെ പ്രവർത്തനം ബുധനാഴ്ചകളിൽ പകൽ 11 മുതൽ ഒരു മണി വരെയും ശ്വാസകോശ പുനരധിവാസ ക്ലിനിക്കിൻ്റെ പ്രവർത്തനം വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 മണി വരെയുമാണ്.

 

ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ, ശ്വാസകോശരോഗ വിഭാഗം പ്രൊഫസര്‍ ഡോ. പി എസ് ഷാജഹാൻ, മെഡിസിൻ വിഭാഗം മേധാവി ഡോ. സുരേഷ് രാഘവൻ, എം ഡി ഐ സി യു നോഡൽ ഓഫീസർ ഡോ. എൻ ആർ സജികുമാർ, ചീഫ് നഴ്സിങ് ഓഫീസർ പി കെ ഉഷ, നഴ്സിങ് സൂപ്രണ്ടുമാരായ എസ് മിനി, എം നളിനി, ജി ജലജമ്മ, ഇ ജി ഷീബ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *