Home » Blog » kerala Max » കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി; എക്സൈസ് സംഘം പിഴുതുമാറ്റി
excise-680x450

കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ഔഷധ സസ്യങ്ങൾക്കിടയിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപമുള്ള ഔഷധസസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ചെടി വളർന്നുനിന്നിരുന്നത്. ഏകദേശം ആറ് സെന്റീമീറ്ററിലധികം ഉയരമുള്ള ഈ ചെടി വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയ ഒരു യുവാവാണ് ആദ്യം ശ്രദ്ധിച്ചത്. കഞ്ചാവ് ചെടിയാണ് എന്ന് സംശയം തോന്നിയ യുവാവ് ആശുപത്രി വികസന സമിതി അംഗം അരുൺ മൂലേടത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞയുടൻ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചെടി പിഴുതെടുത്ത് നശിപ്പിച്ചു.

കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രദേശത്ത് എക്സൈസ് സംഘം വിശദമായ പരിശോധനയും നടത്തി. ആശുപത്രിയിലെത്തിയ രോഗികളുടെ കൂട്ടിരിപ്പുകാരുടെയോ അല്ലെങ്കിൽ നിർമ്മാണ തൊഴിലാളികളുടെയോ പക്കൽ നിന്ന് വീണ വിത്ത് മുളച്ചതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.എങ്കിലും ആരെങ്കിലും മനപൂർവ്വം ഇത് നട്ടുനനച്ചു വളർത്തുന്നുണ്ടോ എന്ന കാര്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രി പരിസരത്ത് വരും ദിവസങ്ങളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ പരിശോധനകൾ തുടരുമെന്നും അവർ അറിയിച്ചു.