കഞ്ഞിക്കുഴിയിലെ നാടൻ പച്ചക്കറികളുടെ സഞ്ചരിക്കുന്ന വിപണന സംവിധാനമായ ‘ചീര വണ്ടി’യുടെ ആലപ്പുഴ കളക്ടറേറ്റിലെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ യുവകർഷകൻ എസ് പി സുജിത്തിന്റെ (വെറൈറ്റി ഫാർമർ) നേതൃത്വത്തിലാണ് പച്ചക്കറികൾ വില്‍പന നടത്തുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നുമണി വരെ കളക്ട്രേറ്റിലെ ജില്ലാ ട്രഷറി ഓഫീസിന് മുൻവശമുള്ള കിയോസ്കിൽ നിന്ന് വിവിധയിനം വിഷരഹിത പച്ചക്കറികൾ വാങ്ങാം.
നാലാം വാർഡ് കുടുംബശ്രീ എഡിഎസ് സെക്രട്ടറി ശ്രീജയാണ് വാഹനത്തിന്റെ സാരഥിയും കച്ചവടക്കാരിയും. സഹായിയായി കുടുംബശ്രീ അംഗം വിനിതയുമുണ്ട്. സ്വന്തം ഉൽപ്പന്നങ്ങൾക്കു പുറമേ കഞ്ഞിക്കുഴിയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും സുജിത്ത് സംഭരിച്ച് വിൽപ്പനയ്ക്കായി എത്തിക്കും.
ഉദ്ഘാടന ചടങ്ങിൽ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈരഞ്ചിത്ത്, പഞ്ചായത്തംഗം ദീപുമോൻ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലും പച്ചക്കറികളുമായി സുജിത്തിന്റെ ചീരവണ്ടി എല്ലാ ആഴ്ച്ചയും എത്തുന്നുണ്ട്.
