പിണറായി പ്രതിപക്ഷ നേതാവായെങ്കിലും സോഷ്യല്‍ മീഡിയാ വിമര്‍ശനം അവസാനിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തകര്‍ന്നടിഞ്ഞതോടെ സിപിഎമ്മില്‍ ജില്ലാ തലം മുതല്‍ സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടറിയെറ്റിലും വരെ ഉയര്‍ന്നത് പിണറായി-എം.വി.ഗോവിന്ദന്‍ വിരുദ്ധ വികാരമാണ്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനില്‍ക്കണം എന്നുമുള്ള മുറവിളിയാണ് ഈ യോഗങ്ങളില്‍ ഉയര്‍ന്നത്.
ഇപ്പോള്‍ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തും ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തും തുടരുമ്പോള്‍ ഇപ്പോള്‍ വിമര്‍ശനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല. സിപിഎം കേരളത്തില്‍ നിലനില്‍ക്കണം അല്ലെങ്കില്‍ സ്ഥാനം ബിജെപി ഏറ്റെടുക്കും എന്ന് മുന്നറിയിപ്പ് നല്‍കിയാണ് സിപിഎം സൈബര്‍ അണികള്‍ വിമര്‍ശനം കനപ്പിക്കുന്നത്. ഈ രീതിയില്‍ ശ്രദ്ധേയമായ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറല്‍ ആവുകയാണ്. സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി പാര്‍ട്ടി കൂറ് ഉയര്‍ത്തിപ്പിടിക്കുന്ന കുറിപ്പ് തന്നെയാണിത്. സിപിഎം നശിച്ച് കാണരുത് എന്നാഗ്രഹിക്കുന്ന നേതാവ് തന്നെയാണ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇട്ടതും.
ആ കുറിപ്പ് ഇങ്ങനെ: കൃത്യമായ സന്ദേശം…! രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയേണ്ട സമയം വളരെ വളരെ അതിക്രമിച്ചിരിക്കുന്നു. 81 വയസ്സായ ഒരാളുടെ രാഷ്ട്രീയ മോഹം ജനങ്ങളെ ആജീവനാന്തകാലം സേവിച്ചുകളയാം എന്നത് മാത്രമല്ല പാർലമെന്ററി വ്യാമോഹം കൂടിയാണ്. ഇടതുമുന്നണിയുടെ പരമാധികാര കേന്ദ്രം പോളിറ്റ് ബ്യൂറോ ആണ്. ആ പോളിറ്റ് ബ്യൂറോ വച്ചിരിക്കുന്ന പരിധി 75 വയസാണ്. എനിക്ക് ശേഷം പാർട്ടി അങ്ങ് നശിച്ചുപോകും, എന്ന ചിന്ത തോന്നുന്നുണ്ടെങ്കിൽ അത് രണ്ടാം നിര യെയും, മൂന്നാം നിരയെയും വളർത്തിക്കൊണ്ടുവരാഞ്ഞ കഴിവുകേടാണ്. അതല്ലെങ്കിൽ എനിക്ക് ശേഷം പ്രളയം എന്ന മനോഭാവമാണ്…! 81ാമത്തെ വയസ്സിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ഒട്ടും ഒട്ടും ഭൂഷണമല്ല. രണ്ടാം നിരയിൽ യോഗ്യരായവർ ആരുമില്ല എന്ന് വലിയ വായിൽ വിളിച്ചു പറയുന്നതിന് തുല്യമാണ്. കാലാവധി കഴിയുമ്പോൾ 86 വയസാകും. തെളിഞ്ഞ ബുദ്ധിക്കൊപ്പം ഉറച്ച ശരീരവും വേണം. പോഡിയത്തിൽ നിൽക്കാൻ ബുദ്ധിമുട്ടുന്ന പിണറായിയെ നാം കണ്ടു.
വളരെ വളരെ ആദരണീയനായ കടന്നപ്പള്ളി രാമചന്ദ്രനെ 81 വയസ്സിൽ കണ്ണൂർ പോലൊരു മണ്ഡലത്തിൽ മത്സരിപ്പിച്ചതും അതിക്രമമാണ്. ധർമ്മടം സീറ്റ് രാജിവെക്കണം. 35 എന്ന സംഖ്യ 34 ആയാലും ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. സ്വരാജോ, എം ബി രാജേഷോ ആ സീറ്റിൽ മത്സരിക്കട്ടെ…! ഇനി വിശ്രമിക്കൂ പ്രിയ സഖാവേ, ഇഎംഎസിനെ നഷ്ടപ്പെട്ടപ്പോൾ പോലും പതറാത്ത പാർട്ടിയാണിത്. ഇത് വ്യക്തി അധിഷ്ഠിതമല്ല എന്ന് അങ്ങേക്കും അറിയാമല്ലോ…! നന്ദികേടല്ല…! വ്യക്തിയെക്കാൾ വലുതാണ് പ്രസ്ഥാനം…! ആ പ്രസ്ഥാനം ഈ മണ്ണിൽ കരുത്തോടെ നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്…! ഇടതുപക്ഷം അസ്തമിച്ചാൽ വർഗീയ ശക്തികൾ ഇവിടെ വേരുറപ്പിക്കും എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ്…! 1969 നവംബറിൽ രണ്ടാം മുഖ്യമന്ത്രിപദം ത്യജിക്കുമ്പോൾ ഇഎംഎസിന് 60 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പിന്നീടും മുഖ്യമന്ത്രി ആവാൻ ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും ആരും എതിർക്കില്ലായിരുന്നു. ശ്രമിച്ചില്ല, വഴി മാറി കൊടുത്തു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം…! EMS മാതൃകയാവട്ടെ…! എന്നാണ് ഈ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നത്.
സിപിഎമ്മില്‍ നിന്നും പുറത്തുപോയി യുഡിഎഫ് പിന്തുണയോടെ എംഎല്‍എമാരായ സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും ഇപ്പോള്‍ സഭയില്‍ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. ഇതിനിടയിലാണ് നേതൃത്വത്തെ ലക്ഷ്യമാക്കിയുള്ള സോഷ്യല്‍ മീഡിയ കുറിപ്പുകളും. എന്തായാലും തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎം വളഞ്ഞിട്ട് ആക്രമിക്കപ്പെടുക തന്നെയാണ്.
