കൊച്ചി: അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങൾ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട അഞ്ചംഗ സമിതി രൂപീകരിക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ നടി അൻസിബ ഹസൻ. താൻ ഉന്നയിച്ച പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അൻസിബ പറഞ്ഞു. സമിതിയിലെ മറ്റ് മൂന്ന് അംഗങ്ങൾ ആരൊക്കെയാണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ സമിതിക്ക് മുന്നിൽ വിശദീകരണം നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും അൻസിബ വ്യക്തമാക്കി.
നടി ലക്ഷ്മി പ്രിയ തനിക്കെതിരെ പരാതി നൽകിയ സമയത്ത് വിഷയത്തിൽ ഇടപെടണമെന്ന് അമ്മ സംഘടനയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അൻസിബ പറഞ്ഞു. എന്നാൽ അന്ന് ‘ഇത് അമ്മയുമായി ബന്ധപ്പെട്ട വിഷയമല്ല’ എന്നായിരുന്നു സംഘടന പ്രസിഡന്റിന്റെ മറുപടി. പിന്നീട് അതേ വിഷയത്തിൽ പ്രസിഡന്റ് തന്നെ തനിക്ക് പിന്തുണ നൽകിയിരുന്നുവെന്ന് ലക്ഷ്മി പ്രിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പറഞ്ഞതായും അൻസിബ ചൂണ്ടിക്കാട്ടി.
“ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ച പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട സമിതി എത്രത്തോളം നീതിപൂർവമായിരിക്കും എന്നത് കണ്ടറിയണം,” – അൻസിബ പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾ മാത്രമല്ല, അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തവും അമ്മ സംഘടനയ്ക്കുണ്ടെന്നും അത്തരമൊരു ഉത്തരവാദിത്തത്തിൽ നിന്ന് സംഘടനയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
