എഐ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്ന ഈ കാലഘട്ടത്തിൽ, ചാറ്റ്ജിപിടിയുടെ പെയ്ഡ് വേർഷനായ ചാറ്റ്ജിപിടി ഗോ ഇന്ത്യക്കാർക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. നവംബർ നാല് മുതൽ ഈ സന്തോഷവാർത്ത പ്രാബല്യത്തിൽ വരും. ഓപ്പൺഎഐയുടെ ആദ്യത്തെ ‘ഡെവ്ഡെ എക്സ്ചേഞ്ച് ഇവൻ്റ്’ നടക്കുന്ന അന്നുതന്നെയാണ് സൗജന്യ ഓഫറും നിലവിൽ വരുന്നത്. കൂടുതൽ മികച്ച ഫീച്ചറുകളും ടൂളുകളും വാഗ്ദാനം ചെയ്യുന്ന സബ്സ്ക്രിപ്ഷൻ പതിപ്പാണ് ചാറ്റ്ജിപിടി ഗോ.
ചാറ്റ്ജിപിടിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ് ഇന്ത്യ. ചാറ്റ്ജിപിടി ഗോയെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തതിനുള്ള സമ്മാനമായാണ് ഈ ഓഫർ നൽകുന്നതെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റിൽ ചാറ്റ്ജിപിടി ഗോ ലോഞ്ച് ചെയ്തതിന് ശേഷം ഒരു മാസത്തിനകം തന്നെ ഇന്ത്യയിൽ സബ്സ്ക്രൈബർമാരുടെ എണ്ണം കുതിച്ചുയർന്നിരുന്നു. കൂടുതൽ ആളുകൾക്ക് ഈ സേവനം ഉപയോഗപ്രദമാകാനും കൂടുതൽ പേരിലേക്ക് ചാറ്റ്ജിപിടി ഗോ എത്താനുമാണ് ഇത്തരത്തിൽ സൗജന്യമായി നൽകുന്നതെന്ന് ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡൻ്റായ നിക്ക് ടുർലേ വ്യക്തമാക്കി.
