രാജ്യത്തെ ടെലികോം രംഗത്തെ വരിക്കാരുടെ എണ്ണം സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട സെപ്റ്റംബർ മാസത്തെ കണക്കുകൾ പ്രകാരം സ്വകാര്യ ടെലികോം കമ്പനികളായ ഭാരതി എയർടെല്ലും റിലയൻസ് ജിയോയും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും വളർച്ച നേടി. എന്നാൽ, വോഡഫോൺ ഐഡിയ (വി), എംടിഎൻഎൽ എന്നീ സേവനദാതാക്കൾക്ക് വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. മൊബൈൽ, ഫിക്‌സഡ് വയർലെസ് ഉൾപ്പെടെ രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റിലെ 1178.03 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബറിൽ 1182.32 ദശലക്ഷമായി ഉയർന്നു. മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 0.29 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2025 സെപ്റ്റംബർ മാസം ഏറ്റവും കൂടുതൽ പുതിയ വരിക്കാരെ ചേർത്തത് റിലയൻസ് ജിയോയാണ്. ഏകദേശം 3.24 ദശലക്ഷം (3,249,223) പുതിയ വരിക്കാരെ ജിയോ നേടി. ബിഎസ്എൻഎൽ 524,014 പുതിയ വരിക്കാരെയും ഭാരതി എയർടെൽ 437,717 പുതിയ വരിക്കാരെയും ചേർത്തു. അതേസമയം, വോഡഫോൺ ഐഡിയക്ക് 744,222 വരിക്കാരെയും എംടിഎൻഎല്ലിന് 56,928 വരിക്കാരെയും നഷ്ടപ്പെട്ടു. ജമ്മു കശ്മീർ, കൊൽക്കത്ത, രാജസ്ഥാൻ എന്നിവിടങ്ങളൊഴികെ രാജ്യത്തെ മിക്കവാറും എല്ലാ സർക്കിളുകളിലും വയർലെസ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
ട്രായ് റിപ്പോർട്ട് അനുസരിച്ച്, വയർലെസ് (മൊബൈൽ) വിപണി വിഹിതത്തിൽ 92.10 ശതമാനവും അടക്കിവാഴുന്നത് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരാണ്. വിപണി വിഹിതത്തിൽ ജിയോ, എയർടെൽ, വി എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. പൊതുമേഖലാ കമ്പനികളായ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും മൊബൈൽ വയർലെസ് രംഗത്ത് ആകെ 7.90 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. കൂടാതെ, 5ജി എഫ്‌ഡബ്ല്യുഎ (ഫിക്‌സഡ് വയർലെസ് ആക്‌സസ്) വരിക്കാരുടെ എണ്ണം ഓഗസ്റ്റിലെ 8.90 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബറിൽ 9.40 ദശലക്ഷമായി വളർച്ച കൈവരിച്ചിട്ടുണ്ട്.
