ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ക്രിക്കറ്റ് ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ശ്രേയസിന് ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ബോധരഹിതനായി വീണു, പ്ലീഹയ്ക്ക് ക്ഷതം
പരിക്കേറ്റതിന് പിന്നാലെ കളിക്കളത്തിൽ നിന്ന് ഡ്രെസ്സിങ് റൂമിലെത്തിയ ഉടൻ ശ്രേയസ് ബോധരഹിതനായി വീണുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിൻ്റെ വൈറ്റൽ പാരാമീറ്ററുകളെല്ലാം ആശങ്കാജനകമായ രീതിയിൽ താഴുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ സ്കാനിങ്ങിൽ താരത്തിന്റെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയെന്ന് ബിസിസിഐ അറിയിച്ചു. പരിക്ക് ഗുരുതരമായിരുന്നെന്നും കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതാണ് രക്ഷപ്പെടാൻ കാരണമായതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ അപകടനില തരണം ചെയ്തു
നിലവിൽ അപകടനില തരണം ചെയ്ത ശ്രേയസിനെ ഐസിയുവിൽ നിന്ന് സാധാരണ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും, അതീവ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമായതിനാൽ ഏഴ് ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അണുബാധ ഒഴിവാക്കാനായാണ് പരിചരണ കാലാവധി ഒരാഴ്ച കൂടി നീട്ടിയത്. ബിസിസിഐയുടെ മെഡിക്കൽ ടീമും സിഡ്നിയിലെ ഡോക്ടർമാരും ചേർന്ന് ശ്രേയസിന്റെ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്
