Home » Blog » Kerala » പിഎം ശ്രീ മറക്കാതെ സിപിഎം; സിപിഐക്ക് വീണ്ടും ഇരുട്ടടി
pmshri

പിഎം ശ്രീ വിവാദം സിപിഎം മറക്കുന്നില്ലെന്നതിന്റെ തെളിവായി മാറുകയാണ് പ്രതിപക്ഷ ഉപനേതൃസ്ഥാന പ്രശ്നം. പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിനു സിപിഐ അവകാശവാദം ഉന്നയിച്ചെങ്കിലും അത് സിപിഐക്ക് നല്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സിപിഎം. പദവി ആവശ്യപ്പെട്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തുനൽകിയിട്ടുമുണ്ട്. പരസ്യമായി അവകാശവാദം ഉന്നയിച്ചതിനാല്‍ ഇനി പിറകോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ എങ്കിലും ഈ പ്രശ്നത്തില്‍പാര്‍ട്ടിക്ക് മുട്ടുമടക്കേണ്ടി വരും. പ്രതിപക്ഷ ഉപ നേതാവായി കെ.എന്‍.ബാലഗോപാലിനെ സിപിഎം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

ഭരണത്തിലും മുന്നണിയിലും ഇരുന്ന് സിപിഎമ്മിനെ വെല്ലുവിളിച്ചതിന്റെ കണക്കുകളാണ് ഇപ്പോള്‍ സിപിഎം തീര്‍ത്ത്‌കൊണ്ടിരിക്കുന്നത്. ഉപനേതൃപദവി പ്രശ്നത്തില്‍ മുന്നണി വിടാനൊന്നും സിപിഐക്ക് കഴിയില്ല. തത്ക്കാലം സിപിഎം പറയുന്നത് കെട്ട് അടങ്ങിയിരിക്കാനെ സിപിഐക്ക് കഴിയുകയുള്ളൂ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയെറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യും. ഭിന്നതയിലേക്കും സംഘർഷങ്ങളിലേക്കും പോകാതെ വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്ന് ബിനോയ് വിശ്വം പറയുന്നത് തന്നെ കീഴടങ്ങല്‍ സൂചനയാണ്. സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നു പാര്‍ട്ടിയില്‍ അവശ്യമുണ്ടെങ്കിലും ഇതെല്ലാം മുന്നണി ബന്ധങ്ങളെ സാരമായി ബാധിക്കുമെന്നതിനാല്‍ കടുംകൈയ്ക്ക് സിപിഐ മുതിരാന്‍ സാധ്യത കുറവാണ്.

തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത നിയമസഭാ കക്ഷി യോഗം ചേരാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. സിപിഎം നേതൃയോഗം മാത്രമാണ് ചേര്‍ന്നത്. പ്രശ്നം പരിഹരിക്കാതെ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എങ്ങനെയും മുഖം രക്ഷിക്കാനാണ് സിപിഐ നീക്കം. രണ്ടാം പിണറായി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായിരുന്നു പിഎം ശ്രീ വിവാദം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കുന്നത് കാവിവത്കരണത്തിനു അനുകൂല നിലപാടാണ് എന്ന് പറഞ്ഞാണ് സിപിഐ എതിര്‍ത്തത്. ഇടത് നയങ്ങളില്‍ നിന്നും സിപിഎം വ്യതിചലിക്കുന്നു എന്ന് ബിനോയ്‌ വിശ്വം പരസ്യമായി പറഞ്ഞപ്പോള്‍ സര്‍ക്കാരും സിപിഎമ്മും പ്രതിസന്ധിയിലാവുകയും ഒപ്പ് വെച്ച പിഎം ശ്രീ കരാറില്‍ നിന്നും പിന്നോക്കം പോവുകയും ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട കേന്ദ്ര ഫണ്ടാണ് നഷ്ടമായത്. ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണ്  പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിച്ചെങ്കിലും സിപിഐ വഴങ്ങിയില്ല.

സിപിഎമ്മിനും സര്‍ക്കാരിനും വന്‍ തിരിച്ചടിയായിരുന്നു സിപിഐ നിലപാട്. കേന്ദ്രവുമായി കരാര്‍ ഒപ്പ് വെച്ച ശേഷം പദ്ധതിയില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നത് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് വലിയ ക്ഷീണവുമായി. തീരുമാനം എടുത്താല്‍ പിന്‍വാങ്ങാത്ത പിണറായിക്ക് നിരുപാധികം കീഴടങ്ങേണ്ടി വന്നത് കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയുമായി. ഇപ്പോള്‍ പ്രതിപക്ഷ നേതാവായി പിണറായി എത്തിയിരിക്കെ പഴയ കണക്കുകള്‍ക്ക് സിപിഎം പലിശ സഹിതം മറുപടി നല്‍കുകയാണ്.