നീണ്ട വാർഷിക അവധിക്കാലത്തിന് പകരം ചെറിയ യാത്രകൾ ഇടയ്ക്കിടെ നടത്താനാണ് പുതിയ തലമുറയ്ക്ക് പ്രിയം. റിപ്പോർട്ട് പ്രകാരം, പത്തിൽ ഏഴ് പേരും ഇഷ്ടപ്പെടുന്നത് ഹ്രസ്വയാത്രകളാണ്.യാതൊരു മുൻകൂർ ആസൂത്രണമില്ലാതെ, പെട്ടെന്നുള്ള തീരുമാനങ്ങളിൽ വിശ്വസിക്കുന്നവരാണ് ഇവർ. യാത്ര കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത യാത്ര ബുക്ക് ചെയ്യുന്നവരാണ് ഭൂരിഭാഗവും.
കാഴ്ചകളേക്കാൾ വലുത് ‘താമസസ്ഥലം’
യാത്രയുടെ പകുതി സമയവും ചെലവഴിക്കാൻ ഇവർ ആഗ്രഹിക്കുന്നത് താമസിക്കുന്ന വീട്ടിലാണ്. 63 ശതമാനം പേരും ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത് തന്നെ അവിടെയുള്ള മികച്ച താമസസൗകര്യം നോക്കിയാണ്. ഹോട്ടലുകൾ നൽകുന്ന മുറികളേക്കാൾ, എല്ലാവർക്കും ഒന്നിച്ച് കൂടിയിരിക്കാൻ കഴിയുന്ന സ്വീകരണമുറിയും, പാചകം ചെയ്യാനുള്ള സൗകര്യവും, ഇരിക്കാൻ ടെറസ്സും ഉള്ള വീടുകളാണ് ഇവരുടെ ഇഷ്ടം.
ഒപ്പമുള്ളവരാണ് വലുത്
“എവിടെ പോകുന്നു എന്നതിനേക്കാൾ പ്രധാനം ആരോടൊപ്പം പോകുന്നു എന്നതാണ്.” യാത്ര ആസൂത്രണം ചെയ്യുമ്പോൾ ആദ്യം സുഹൃത്തുക്കൾ, പിന്നെ ലക്ഷ്യസ്ഥാനം, ഒടുവിൽ മാത്രം യാത്രയെന്നും റിപ്പോർട്ട് പറയുന്നു. ഹോട്ടലുകളിലെ വെവ്വേറെ മുറികളേക്കാൾ ഗ്രൂപ്പായി ഒന്നിച്ച് താമസിക്കാവുന്ന വീടുകൾ പങ്കിടാനാണ് പകുതിയിലധികം പേരും ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു.
