ഡീസൽ എഞ്ചിനുകൾക്ക് പകരമായി ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ആളുകൾ മാറുന്ന സാഹചര്യത്തിൽ, പല വാഹന നിർമ്മാതാക്കളും ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കുകയാണ്. എങ്കിലും മെച്ചപ്പെട്ട ഇന്ധനക്ഷമത കാരണം ഡീസൽ എഞ്ചിനുകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. ഡീസൽ എഞ്ചിനുകളുടെ ഈ മികവ് തെളിയിച്ചിരിക്കുകയാണ് പോളിഷ് റാലി ഡ്രൈവറും 2025-ലെ യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പ് ജേതാവുമായ മിക്കോ മാർസിക്. അദ്ദേഹം തൻ്റെ സ്വകാര്യ സ്കോഡ സൂപ്പർബ് ഡീസൽ ഉപയോഗിച്ചാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
റെക്കോർഡ് പ്രകടനം
മിക്കോ മാർസിക്കിന്റെ സ്കോഡ സൂപ്പർബ്, ഫുൾ ടാങ്ക് ഡീസൽ (66 ലിറ്റർ) ഉപയോഗിച്ച് 2,831 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. ഒറ്റത്തവണ ഇന്ധനം നിറച്ചുകൊണ്ട് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ കാർ സ്വന്തമാക്കി. ഇതിലൂടെ ലിറ്ററിന് 42.89 കിലോമീറ്റർ എന്ന അവിശ്വസനീയമായ ഇന്ധനക്ഷമതയാണ് കാർ രേഖപ്പെടുത്തിയത്. പ്രീമിയം ഡീസലിന് പകരം സാധാരണ ഡീസലാണ് ഇതിനായി ഉപയോഗിച്ചത്.
കാറിൻ്റെ എഞ്ചിനിലോ സ്റ്റോക്ക് 66 ലിറ്റർ ഇന്ധന ടാങ്കിലോ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. സ്പോർട്ലൈൻ വേരിയന്റിൽ നിന്നുള്ള കുറഞ്ഞ പ്രതിരോധശേഷിയുള്ള ടയറുകളും, ഗ്രൗണ്ട് ക്ലിയറൻസ് 15 മില്ലീമീറ്റർ കുറച്ച സസ്പെൻഷൻ സ്പ്രിംഗുകളോടുകൂടിയ 16 ഇഞ്ച് അലോയ് വീലുകളും മാത്രമാണ് ഇതിൽ വരുത്തിയ പ്രധാന പരിഷ്കരണങ്ങൾ.
സഞ്ചരിച്ച റൂട്ട്
പോളണ്ടിൽ നിന്ന് ആരംഭിച്ച് ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് നെതർലാൻഡ്സ്, ബെൽജിയം, ജർമ്മനി വഴി പോളണ്ടിലേക്ക് തന്നെ തിരിച്ചെത്തുന്നതായിരുന്നു ഈ യാത്ര. ഈ റൂട്ടിൽ താപനില പലപ്പോഴും ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. കഠിനമായ കാലാവസ്ഥയെ അതിജീവിച്ചാണ് സ്കോഡ സൂപ്പർബ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.
