Home » Blog » Kerala » “ട്രംപ് പറയുന്നത് നുണ, രാഷ്ട്രീയ നേട്ടം പ്രകടിപ്പിക്കാനുള്ള ശ്രമം, ഹോർമൂസ് ‘സൗജന്യമായി തുറന്നുനൽകൽ’ എന്ന ധാരണ ശരിയല്ല” – യുഎസിന്റെ പ്രസ്താവനകൾ നിഷേധിച്ച് ഇറാൻ
4

വാഷിങ്ടൺ: യു.എസുമായി ഒരു കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും സ്വതന്ത്രമായി തുറന്നുനൽകാൻ ഇറാൻ ഒരുക്കമാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് ഇറാൻ. ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് സൗജന്യമായി ഇറാന്റെ പരിഗണനയിലുള്ളതും യുഎസ് അവതരിപ്പിച്ചതുമായ കരട് കരാർ നിബന്ധനകൾ പ്രതിഫലിക്കാത്തതും നേരിൻ്റെയും നുണയുടെയും മിശ്രിതമാണെന്നും ട്രംപിന്റെ പ്രസ്താവനകളെ നിഷേധിച്ചുകൊണ്ട് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ പ്രസ്താവനകൾ യാഥാർഥ്യത്തേക്കാൾ രാഷ്ട്രീയ നേട്ടം പ്രകടിപ്പിക്കാനുള്ള ശ്രമമാണ്. കരട് കരാറിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സുമായി (IRGC) ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഹോർമുസ് കടലിടുക്ക് സംബന്ധിച്ച്, കപ്പലുകളുടെ നിരീക്ഷണം, പരിശോധന, സുരക്ഷാ ക്രമീകരണങ്ങൾ, ആവശ്യമായ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന സംവിധാനങ്ങളാണ് ഇറാൻ പരിഗണിക്കുന്നതെന്നും, ട്രംപ് അവകാശപ്പെട്ടതുപോലെ “സൗജന്യമായി തുറന്നുനൽകൽ” എന്ന ധാരണ ശരിയല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇറാന്റെ ആണവശേഷി പൂർണമായി ഇല്ലാതാക്കിയെന്ന ട്രംപിന്റെ വാദവും ഫാർസ് ന്യൂസ് ഏജൻസി നിഷേധിച്ചു. ചർച്ചയിലുള്ള ധാരണാപത്രത്തിൽ അത്തരമൊരു വ്യവസ്ഥയില്ലെന്നും വിശ്വസനീയമായ സ്രോതസ്സുകൾ വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു. കരട് കരാറിലെ പ്രധാന ഘടകങ്ങളിലൊന്ന് തടഞ്ഞുവെച്ചിരിക്കുന്ന 12 ബില്യൺ ഡോളർ മൂല്യമുള്ള ഇറാനിയൻ ആസ്തികൾ ഉടൻ വിട്ടുനൽകുക എന്നതാണ്. ഈ തുക ലഭിക്കുന്നതുവരെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

കൂടാതെ, ലെബനനിൽ പൂർണ വെടിനിർത്തൽ ഉറപ്പാക്കുന്നതും ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഹിസ്ബുള്ളയുടെ നിലപാടും ഇതുമായി ബന്ധപ്പെട്ട് പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉപരോധങ്ങൾ ലഘൂകരിക്കൽ, ആണവ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്ക് ആവശ്യമായ നിബന്ധനകൾ പാലിക്കപ്പെട്ടാൽ മാത്രമേ ഇറാൻ മുന്നോട്ട് പോകൂ. അന്തിമ കരാർ ഉണ്ടാകുന്നുവെങ്കിൽ അത് ഇറാന്റെ താൽപര്യങ്ങളും യുഎസിനോടുള്ള വിശ്വാസ്യതയും അടിസ്ഥാനമാക്കിയായിരിക്കുമെന്ന നിലപാടും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.