പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ പുറത്തിറക്കിയ ഫൈൻഡ് എക്സ്9 സീരീസിന്റെ ആഗോള ലോഞ്ച് ഇന്ന്. ഇന്ത്യയിൽ ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് പറഞ്ഞ കമ്പനി തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും നവംബറിൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് എക്സ്9 സീരീസിന് കീഴിലുള്ള ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9 പ്രോ എന്നി ഫോണുകൾ ചൈനയിൽ പുറത്തിറക്കിയത്.
ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയിൽ നാല് വശങ്ങളിലും 1.15mm സിമെട്രിക് ബെസലുകൾ ഉള്ള 6.78 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ് ഉപയോഗിച്ചാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പോയുടെ ഇൻ-ഹൗസ് കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി സൊല്യൂഷനായ LUMO ഇമേജ് എൻജിൻ നൽകുന്ന ഒരു ഹാസൽബ്ലാഡ് മാസ്റ്റർ കാമറ സിസ്റ്റം ഫൈൻഡ് എക്സ9 പ്രോയിൽ ഉണ്ടായിരിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇന്ത്യൻ വേരിയന്റിലും പിന്നിൽ 200എംപി ഹാസൽബ്ലാഡ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
