Home » Blog » kerala Max » ബോക്‌സ് ഓഫീസിൽ തീപ്പൊരി പ്രകടനം; ആദ്യദിനം കൊണ്ട് തന്നെ ‘കാട്ടാളൻ’ നേടിയത് 3.9 കോടി
kattalan-680x450

ന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ തിയേറ്ററുകളിൽ വൻ ജനപ്രീതിയോടെ മുന്നേറുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ഈ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യ ഷോകൾ മുതൽ തന്നെ അന്യഭാഷകളിൽ അടക്കം ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ മികച്ച പ്രീ-സെയിൽ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ ചലനമുണ്ടാക്കി. പ്രമുഖ ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത ആദ്യ ദിനം കൊണ്ടുതന്നെ നാല് കോടി രൂപയാണ് ചിത്രം ആഗോള ഓപ്പണിംഗ് കളക്ഷനായി സ്വന്തമാക്കിയത്. പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പുറത്തിറക്കുന്ന ചിത്രം കൂടിയാണിത്.

ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രേക്ഷകരിൽ വലിയ ആവേശം നിറച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി എത്തുന്ന ചിത്രത്തിലൂടെ ‘പുഷ്പ’, ‘ജയിലർ’ എന്നീ സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, ‘മാർക്കോ’യിലൂടെ ശ്രദ്ധേയനായ കബീർ ദുഹാൻ സിങ്, തെലുങ്ക് താരം രാജ് തിരാണ്ടുസു, ‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രശംസ നേടിയ പാർഥ് തിവാരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, പ്രശസ്ത വ്ലോഗറും ഗായകനുമായ ഹനാൻ ഷാ, ഹിപ്സ്റ്റർ എന്നിവരും ചിത്രത്തിലുണ്ട്. പ്രേക്ഷകരെ ഒരേസമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്‌റൂർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ കരുത്താകുന്നുണ്ട്.

മലയാള സിനിമയിൽ ഇതുവരെ കാണാത്ത വേറിട്ടൊരു പശ്ചാത്തലത്തിലാണ് ‘കാട്ടാളൻ’ കഥ പറയുന്നത്. ‘ഓങ് ബാക്ക്’ സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സിനിമകൾക്ക് സ്റ്റണ്ട് ഒരുക്കിയ ലോകപ്രശസ്ത ആക്ഷൻ ഡയറക്ടർ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ തായ്‌ലൻഡിൽ വെച്ചാണ് ചിത്രത്തിലെ മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. ഈ സീരീസിലൂടെ ശ്രദ്ധേയനായ ‘പോങ്’ എന്ന ആനയും ചിത്രത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. കെജിഎഫ്, സലാർ എന്നീ ചിത്രങ്ങളിലൂടെ തരംഗമായ രവി ബസ്‌റൂർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ്. പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ. ആണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.