Home » Blog » kerala Max » ഇൻഫോപാർക്കിൽ ഹൈസ്പീഡ് കണക്റ്റിവിറ്റിയുമായി കെഫോൺ
17

കൊച്ചി: കേരളത്തിലെ പ്രധാന ഐ.ടി ഹബ്ബായ ഇൻഫോപാർക്കിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനവുമായി കെഫോൺ. ഇൻഫോപാർക്കിലെ അതുല്യ, തപസ്യ ബിൽഡിംഗുകളിലും കളമശ്ശേരിയിലെ കിൻഫ്ര പാർക്കിലെ കെ.ടി.ഐ.സഡ് (കേരള ടെക്നോളജി ഇന്നൊവേഷൻ സോൺ – ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സ്) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുമാണ് കെഫോൺ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിത്തുടങ്ങിയത്.

ഇൻഫോപാർക്കിലാണ് കെഫോണിന്റെ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ (NOC) പ്രവർത്തിക്കുന്നത്. അതിനാൽ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററിന് ലഭിക്കുന്ന അതേ നിലവാരത്തിലുള്ള അവൈലബിലിറ്റിയും വിശ്വാസ്യതയും മറ്റു സ്ഥാപനങ്ങൾക്കും ഉറപ്പാക്കാനാകും. 99.5 ശതമാനം അപ്‌ടൈം ഗ്യാരണ്ടിയോടുകൂടിയ ഹൈസ്പീഡ് കണക്റ്റിവിറ്റിയാണ് കെഫോൺ നൽകുന്നത്. സ്ഥാപനങ്ങളുടെ ആവശ്യാനുസരണം അധിക ബാൻഡ്‌വിഡ്ത്ത് ലഭ്യമാക്കുന്നതിനും സംവിധാനമുണ്ട്. എന്റർപ്രൈസ് തലത്തിലുള്ള ഇന്റർനെറ്റ് ലീസ്ഡ് ലൈൻ (ILL), L2, L3 VPN തുടങ്ങിയ സേവനങ്ങളും കെഫോൺ വഴി ലഭ്യമാണ്.

കേരളത്തിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളിലൊന്നായ ഇൻഫോപാർക്കിലും കിൻഫ്രയിലും മികച്ച ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത് സംസ്ഥാനത്തിന്റെ ഐ.ടി വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. ഇൻഫോപാർക്കിലെ സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾ മുതൽ വൻകിട കമ്പനികൾ വരെയുള്ളവയുടെ ഡിജിറ്റൽ ആവശ്യങ്ങൾ പരിഗണിച്ചുള്ള സേവനങ്ങളാണ് കെഫോൺ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈബർ ടു ദി ഓഫീസ് (FTTO) സംവിധാനത്തിലൂടെ സ്റ്റാർട്ടപ്പുകൾക്കും മറ്റ് ഐ.ടി സ്ഥാപനങ്ങൾക്കും സുരക്ഷിതവും തടസ്സരഹിതവും അതിവേഗതയുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതുവഴി ഡാറ്റ ഇൻറൻസീവ് പ്രവർത്തനങ്ങൾ, വീഡിയോ കോൺഫറൻസിംഗ്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി നടത്താൻ സാധിക്കും. സ്റ്റാർട്ടപ്പ് കമ്പനികൾക്കായി പ്രത്യേക പാക്കേജുകളും മിനി ലീസ്ഡ് ലൈൻ കണക്ഷനുകളും കെഫോൺ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.