രാജ്യത്ത് 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നതുവഴി പകുതിയിലധികം പഴയ പെട്രോൾ വാഹനങ്ങളുടെയും മൈലേജ് വൻതോതിൽ കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയിലാണ് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഒരുപോലെ മൈലേജ് കുറയുന്ന പ്രതിഭാസം കണ്ടെത്തിയത്. മൈലേജ് കുറയുന്നതിന് പുറമെ, ഈ ഇന്ധനം ഉപയോഗിക്കുന്നതുമൂലം തങ്ങളുടെ വാഹനങ്ങളുടെ എൻജിന് അസാധാരണമായ രീതിയിൽ തേയ്മാനവും കേടുപാടുകളും സംഭവിക്കുന്നതായി സർവേയിൽ പങ്കെടുത്ത പത്തിൽ മൂന്ന് ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നു.
2022-ലോ അതിനു മുൻപോ വാങ്ങിയ പഴയ മോഡൽ വാഹനങ്ങൾക്കാണ് ഈ പുതിയ ഇന്ധനം വലിയ രീതിയിൽ പണികൊടുക്കുന്നത്. നിലവിൽ വിപണിയിലുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ 20 ശതമാനം വരെ എഥനോൾ ചേർത്ത, റിസർച്ച് ഒക്ടേൻ നമ്പർ 95 ഉള്ള പെട്രോളാണ് രാജ്യത്തുടനീളം വിതരണം ചെയ്യുന്നത്. പുതിയ വാഹനങ്ങൾ ഈ ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും, നിരത്തുകളിലുള്ള ലക്ഷക്കണക്കിന് പഴയ വാഹനങ്ങൾക്ക് ഇഥനോളിന്റെ ഉയർന്ന അളവ് എൻജിൻ തകരാറുകൾക്കും ഇന്ധനക്ഷമത കുറയുന്നതിനും കാരണമാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.
