അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് യുവതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് ഇതിഹാസ താരം കെവിന്‍ പീറ്റേഴ്‌സണിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് 15-കാരനായ വൈഭവ് തന്റെ കായിക സ്വപ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ടി20-യില്‍ 200 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനാണ് താരം ആഗ്രഹിക്കുന്നത്.
2013-ലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ക്രിസ് ഗെയില്‍ നേടിയ 175 റണ്‍സാണ് ഇപ്പോഴും ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 66 പന്തില്‍ നിന്ന് 17 സിക്‌സറുകളും 13 ഫോറുകളും ഉള്‍പ്പെട്ട ആ ഇന്നിംഗ്‌സ് വെറും 30 പന്തിലാണ് സെഞ്ച്വറിയിലേക്ക് എത്തിയത്. ഐപിഎല്ലിലെ പല റെക്കോഡുകളും ഇന്നും ഗെയ്‌ലിന്റെ പേരില്‍ തന്നെയാണുള്ളത്.
തന്റെ ബാറ്റിങ് മികവുകൊണ്ട് ഇതിനകം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വൈഭവ് സൂര്യവംശി. കഴിഞ്ഞ വര്‍ഷം 35 പന്തില്‍ സെഞ്ച്വറി നേടിയ താരം ഈ സീസണിലും മികച്ച ഫോമിലാണ് തുടരുന്നത്. ഓറഞ്ച് ക്യാപ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ വൈഭവ് സൂര്യവംശി.
