Home » Blog » Kerala » മെറ്റയിൽ ഇനി പിരിച്ചുവിടലുകൾ ഉണ്ടാകില്ല; ജീവനക്കാർക്ക് ഉറപ്പ് നൽകി മാർക്ക് സക്കർബർഗ്
mark-680x450

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലിനെത്തുടർന്ന് ജീവനക്കാർ കടുത്ത ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. കഴിഞ്ഞ ഏപ്രിലിൽ ലഭിച്ച സൂചനകൾ മുതൽ ജീവനക്കാർ ആശങ്കയിലായിരുന്നുവെങ്കിലും, മെയ് 20-ന് പുലർച്ചെ നാലുമണിയോടെയാണ് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിലുകൾ എത്തിയത്. ഏകദേശം 8,000-ത്തോളം ജീവനക്കാരെ ബാധിച്ച ഈ നടപടിക്ക് പിന്നാലെ, എഐ മോഡലുകൾക്ക് പരിശീലനം നൽകാനായി തങ്ങളുടെ കീസ്ട്രോക്കുകളും മൗസ് ചലനങ്ങളും അടക്കമുള്ള പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിനെതിരെ 1,500-ലധികം ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ട്രാക്കിങ് നിർത്തണമെന്ന ജീവനക്കാരുടെ ആവശ്യം അധികൃതർ തള്ളിക്കളയുകയായിരുന്നു.

 

ഈ പ്രതിസന്ധികൾക്കിടയിലും, നിലവിൽ ജോലിയിലുള്ള ജീവനക്കാർക്ക് ആശ്വാസമേകുന്ന സന്ദേശവുമായി മെറ്റ സിഇഒ മാർക്ക് സക്കർബെർഗ് രംഗത്തെത്തി. ഈ വർഷം ഇനി കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് അദ്ദേഹം ഇമെയിലിലൂടെ ഉറപ്പുനൽകി. കമ്പനിയുടെ ആശയവിനിമയത്തിൽ വേണ്ടത്ര വ്യക്തത ഉണ്ടായിരുന്നില്ലെന്നും, അത് പരിഹരിക്കുമെന്നും സക്കർബെർഗ് സമ്മതിച്ചു. പിരിച്ചുവിടൽ നടപടികൾ മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ കുറ്റസമ്മതം. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ക്രമത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് പിരിച്ചുവിടൽ നടന്നത്.

 

പിരിച്ചുവിടപ്പെട്ടവർക്ക് 16 ആഴ്ചത്തെ വേതനവും, സേവനകാലയളവിനെ അടിസ്ഥാനമാക്കിയുള്ള അധിക വേതനവും, 18 മാസത്തെ ആരോഗ്യ ഇൻഷുറൻസും മെറ്റ നൽകുന്നുണ്ട്. കമ്പനിയുടെ വരാനിരിക്കുന്ന 145 ബില്യൺ ഡോളറിന്റെ ബൃഹത്തായ എഐ പദ്ധതികൾക്കായി ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പിരിച്ചുവിടലുകൾ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ഏകദേശം 6,000 ജോലികൾ പൂർണമായും നിർത്തലാക്കുകയും, 7,000 ജീവനക്കാരെ പുതിയ എഐ പ്രോജക്റ്റുകളിലേക്ക് മാറ്റുകയും ചെയ്യും. കമ്പനിയുടെ ആകെയുള്ള ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേരെയാണ് ഈ പിരിച്ചുവിടൽ നേരിട്ട് ബാധിച്ചത്.