പശ്ചിമേഷ്യയെ വിഴുങ്ങിയ യുദ്ധത്തിന് അടിയന്തരമായി അറുതിവരുത്താൻ ലക്ഷ്യമിട്ട് നിർണായക നയതന്ത്ര നീക്കങ്ങളുമായി ഖത്തർ ദൗത്യസംഘം ഇറാൻ തലസ്ഥാനത്തെത്തി. അമേരിക്കൻ ഭരണകൂടത്തിന്റെ ശക്തമായ നിർദേശത്തെയും താല്പര്യത്തെയും തുടർന്നാണ്, മുൻപ് ഗാസ സമാധാന ചർച്ചകളിൽ സജീവമായിരുന്ന ഖത്തർ ഇപ്പോൾ ഇറാനുമായി നേരിട്ടുള്ള ചർച്ചകളിലേക്ക് മധ്യസ്ഥരായി പ്രവേശിച്ചിരിക്കുന്നത്. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഖത്തറിനും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ സമാധാന ശ്രമങ്ങൾക്കായി ഖത്തർ മുൻകൈ എടുക്കുന്നത്.
മെയ് 19-ാം ഇറാനിലെ ആണവ-സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന വൻ ബോംബാക്രമണ പദ്ധതി അവസാന മണിക്കൂറിൽ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാഷ്ട്രങ്ങളുടെ പ്രത്യേക അഭ്യർഥന മാനിച്ചും, നയതന്ത്ര ചർച്ചകൾക്ക് ഒരു അവസരം കൂടി നൽകാനുമാണ് ആക്രമണം തൽക്കാലം വേണ്ടെന്നുവെച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. ട്രംപിന്റെ ഈ പിൻമാറ്റ തീരുമാനത്തോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, “ഞാൻ ആവശ്യപ്പെടുന്നത് മാത്രമേ നെതന്യാഹു ചെയ്യുകയുള്ളൂ” എന്നായിരുന്നു ഇതിനോടുള്ള ട്രംപിന്റെ പ്രതികരണം.
അതേസമയം, ഇറാനുമായുള്ള ചർച്ചകളിൽ നേരിയ പുരോഗതി ദൃശ്യമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സ്വീഡനിൽ നടക്കുന്ന നാറ്റോ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധാനന്തരം ആഗോളതലത്തിൽ അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നാറ്റോ സഖ്യത്തിന് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമായും സ്വീഡൻ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ നികുതിയോ ടോളോ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും അമേരിക്ക കൂട്ടിച്ചേർത്തു.
ഈ നിർണായക സാഹചര്യങ്ങൾക്കിടയിലാണ് പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറും ഉന്നത സുരക്ഷാ പ്രതിനിധികളുമായി ഇറാന്റെ തലസ്ഥാനത്തെത്തിയത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈനിക മേധാവി ഇറാൻ സന്ദർശിക്കുന്നത്. മെയ് 20-ാം മുതൽ ഇറാനിലുള്ള പാക് ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വി, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി കഴിഞ്ഞ ദിവസം സുദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
കൂടാതെ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ചൈനയിലെത്തും. ബെയ്ജിങ്ങിൽ നടക്കുന്ന ചർച്ചകളിലും ഇറാൻ വിഷയം പ്രധാന അജണ്ടയായിരിക്കുമെന്നാണ് വിവരം. നയതന്ത്ര ചർച്ചകൾ ഒരുവശത്ത് സജീവമായി പുരോഗമിക്കുമ്പോഴും, ഇറാന്റെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം 35 കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നുപോയതായി ഇറാൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു. ഗൾഫ് മേഖല വീണ്ടുമൊരു യുദ്ധത്തിലേക്ക് വീഴുമോ അതോ സമാധാന കരാറിലെത്തുമോ എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ നിശ്ചയിക്കും.
