‘കോക്രോച്ച് മൂവ്മെന്റിനെതിരെ’ കടുത്ത നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷം കൈകോർത്ത് നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദുരുപയോഗം ചെയ്ത് വ്യാജ ആഖ്യാനങ്ങൾ ചമയ്ക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുറമേയ്ക്ക് സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയിൽ അസ്വസ്ഥരായ വിദേശ ശക്തികളാണ് ഇത്തരം ചരടുവലികൾക്ക് പിന്നിലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കൊവിഡ്, ആഗോള ഊർജ്ജ പ്രതിസന്ധി, യുദ്ധങ്ങൾ തുടങ്ങിയ പ്രതിസന്ധികളിലും ഇന്ത്യയെ സുരക്ഷിതമായി മുന്നോട്ട് നയിക്കാൻ മോദിജിക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയരുടെ ഒത്തൊരുമയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്ക് കഴിയില്ലെന്നും രാജ്യവിരുദ്ധ നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.
