Home » Blog » Kerala » ജൂൺ 5 മുതൽ ‘പേട്രിയറ്റ്’ കാണാം; ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ഇളക്കിമറിക്കാൻ മെഗാസ്റ്റാറും സൂപ്പർസ്റ്റാറും
patriot-movie-680x450

മലയാള സിനിമയിലെ പ്രിയ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ഈ ചിത്രം ജൂൺ 5 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനങ്ങളെ നിരീക്ഷിക്കാൻ ചിലർ നടത്തുന്ന നിയമവിരുദ്ധമായ ശ്രമങ്ങളെ പ്രതിരോധിക്കാൻ സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു കൂട്ടർ രംഗത്തിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിൽ ‘ഡാനിയൽ ജെയിംസ്’ എന്ന സയന്റിഫിക് ഡയറക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അൻപതിലധികം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ വലിയൊരു ഇടവേളയ്ക്ക് ശേഷം തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ ഇവർ ഒരേ ഫ്രെയിമിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

 

ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മലയാള സിനിമയിലെ വൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, സറിൻ ഷിഹാബ്, ഇന്ദ്രൻസ്, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി തുടങ്ങി പ്രമുഖർക്കൊപ്പം നയൻതാര ഒരു സർപ്രൈസ് കഥാപാത്രമായും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പേട്രിയറ്റിന്റെ രചന പൂർത്തിയായ ശേഷമാണ് ഓരോ കഥാപാത്രത്തിനും അനുയോജ്യരായ താരങ്ങളെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് സംവിധായകൻ മഹേഷ് നാരായണൻ വ്യക്തമാക്കി. സാധാരണയായി വലിയ കാൻവാസിൽ ആലോചിക്കുന്ന ചിത്രങ്ങൾ ഷൂട്ടിംഗിലേക്ക് കടക്കുമ്പോൾ ചെറുതാവാറാണ് പതിവെന്നും, എന്നാൽ പേട്രിയറ്റ് ചിത്രീകരണത്തിലേക്ക് എത്തിയപ്പോൾ വിചാരിച്ചതിലും വലുതാവുകയാണ് ചെയ്തതെന്നും മമ്മൂട്ടി ഓർമ്മിച്ചു. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാലും കൂട്ടിച്ചേർത്തു.