കൊച്ചി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. രാജ്യാന്തര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ.റാഫേൽ ടെഡി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ആയിഷ മാനിക കെ.എ., സിഐഎസ്എഫ്, ഇമിഗ്രേഷൻ, എയർലൈൻസ്, എയർപോർട്ട് അതോറിറ്റി, സിയാൽ ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ശരീരദ്രവങ്ങളിലൂടെ രോഗം പകരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിലുണ്ടാവുക. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കും.
എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി സർക്കാർ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ നിലവിലുള്ളത്. ത്രി-ലെയർ മാസ്ക് ഉപയോഗം, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ നടപടികൾ കർശനമായി പാലിക്കാനും യോഗം നിർദേശിച്ചു.
