sreyas-iyyer-2-680x450.jpg

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ആരോഗ്യനില സംബന്ധിച്ച് ബിസിസിഐ പുതിയ വിവരങ്ങൾ പുറത്തുവിട്ടു. സ്കാനിങ്ങിൽ താരത്തിന്റെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തി. നിലവിൽ ചികിത്സയിൽ കഴിയുന്ന ശ്രേയസ് അയ്യരുടെ ആരോഗ്യനില തൃപ്തികരമാണെന്നും താരം സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യരുടെ ഇടത് വശത്തെ വാരിയെല്ലിന് പരിക്കേറ്റത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കകൾ ലഘൂകരിച്ചുകൊണ്ട് ബിസിസിഐയുടെ വിശദീകരണം.

ബിസിസിഐയുടെ പ്രസ്താവന

“ഒക്ടോബർ 25-ന് സിഡ്‌നിയിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യരുടെ ഇടത് വശത്തെ താഴത്തെ വാരിയെല്ലിന് ആഘാതമേറ്റിരുന്നു. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിൽ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തി. അദ്ദേഹം ചികിത്സയിലാണ്, ആരോഗ്യനില തൃപ്തികരമാണ്, സുഖം പ്രാപിച്ചുവരുന്നു.”

ബിസിസിഐയുടെ മെഡിക്കൽ സംഘം സിഡ്‌നിയിലെയും ഇന്ത്യയിലെയും വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് താരത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ദൈനംദിന പുരോഗതി വിലയിരുത്തുന്നതിനായി ഇന്ത്യൻ ടീം ഡോക്ടർ ശ്രേയസ്സിനൊപ്പം സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *