Home » Blog » Kerala » ചെന്നൈ സൂപ്പർ കിങ്സിൽ ധോണി യുഗം അവസാനിക്കുന്നോ? മാനേജ്‌മെന്റുമായി ഭിന്നതയെന്ന് ശക്തമായ അഭ്യൂഹം
dhoni-680x450

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുഖമായ എം.എസ്. ധോണി ഈ സീസണോടെ ടീം വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ടീം മാനേജ്‌മെന്റുമായുള്ള ഭിന്നതയാണ് ഇതിന് കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തന്നോട് കൂടിയാലോചിക്കാതെ മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ ധോണിക്ക് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം. ഇതോടെ അടുത്ത സീസണിൽ അദ്ദേഹം ടീമിലുണ്ടാകില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

 

ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ധോണി കളത്തിലിറങ്ങിയിട്ടില്ല. ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാതിരിക്കാൻ അദ്ദേഹം സ്വയം മാറിനിൽക്കുകയാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, മാനേജ്‌മെന്റുമായുള്ള അസ്വാരസ്യങ്ങളാണ് യഥാർത്ഥ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോൾ ധോണി ടീമിനൊപ്പമുണ്ടാകില്ല. താരം റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയതായി ബാറ്റിംഗ് കോച്ച് മൈക്ക് ഹസി സ്ഥിരീകരിച്ചതായി ക്രിക്‌ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. സി.എസ്.കെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ മാത്രമേ ധോണി ടീമിനൊപ്പം ചേരുകയുള്ളൂ എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ധോണിയോ ടീം മാനേജ്‌മെന്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

അഞ്ച് തവണ ഐ.പി.എൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് നിലവിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള കഠിനമായ പോരാട്ടത്തിലാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വൻ വിജയം അനിവാര്യമാണെങ്കിലും, പ്ലേ ഓഫിൽ കടക്കാൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ കൂടി ചെന്നൈ ആശ്രയിക്കേണ്ടതുണ്ട്. പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് ആകട്ടെ, ഒന്നാം ക്വാളിഫയറിലെ സ്ഥാനം ഉറപ്പിക്കാൻ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.