തമിഴ്‌നാട് ആരോഗ്യവകുപ്പിനുവേണ്ടി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ സർപ്രൈസായി ഡ്രൈവിങ് സീറ്റിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ചെന്നൈ സെക്രട്ടേറിയറ്റിൽ ബുധനാഴ്ച നടന്ന ചടങ്ങിലാണ് കൗതുകകരമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. ഫ്‌ളാഗ് ഓഫ് നിർവഹിച്ചതിന് പിന്നാലെ, പുതിയ മഹീന്ദ്ര ബൊലേറോ വാഹനങ്ങളിലൊന്നിൽ കയറിയ മുഖ്യമന്ത്രി സ്വയം വണ്ടിയോടിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ തൊട്ടടുത്ത സീറ്റിലിരിക്കെ, വിജയ് വാഹനം ഓടിച്ച് സെക്രട്ടേറിയറ്റ് കാമ്പസിനുചുറ്റും ഒരു റൗണ്ട് സഞ്ചരിച്ചു. മുഖ്യമന്ത്രി ബൊലേറോ ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ തരംഗമായിക്കഴിഞ്ഞു.
തമിഴ്‌നാട്ടിലെ ഗ്രാമവികസന പ്രവർത്തനങ്ങൾക്കും മെഡിക്കൽ സേവനങ്ങൾക്കുമായാണ് ആരോഗ്യവകുപ്പ് ഈ പുതിയ വാഹനങ്ങൾ സ്വന്തമാക്കിയത്. 2.9 കോടി രൂപ ചെലവിട്ട് വാങ്ങിയ 40 പുതിയ വാഹനങ്ങളാണ് മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് നാടിന് സമർപ്പിച്ചത്. കാമ്പസിനുള്ളിൽ പ്രതീകാത്മകമായി വാഹനം ഓടിച്ചതിന് ശേഷം ചടങ്ങിൽ പങ്കെടുത്ത പുതിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ഔദ്യോഗികമായി താക്കോലുകൾ കൈമാറുകയും ചെയ്തു.
