ടെലിവിഷൻ അവതാരകയായും സിനിമാ താരമായും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി അനൂപ്. ‘അമർ അക്ബർ അന്തോണി’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മീനാക്ഷി, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ തുല്യതയെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മുൻപ് വന്ന ഒരു കമന്റിലെ ചോദ്യത്തിനുള്ള ഉത്തരമായാണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചത്.
‘നീതിയും ന്യായവും എങ്ങനെ കാണുന്നു… (മുൻപത്തെ ഒരു കമൻ്റിലെ ചോദ്യമാണ്) വിഷയം വളരെ വിശദീകരിക്കേണ്ട ഒന്നാണ്. എനിക്കറിയാവുന്നത് ചെറുതായി ഒന്ന് വിശദീകരിക്കാൻ ശ്രമിക്കാം. മനുഷ്യൻ അവന്റെ ജീവിതം കൂടുതൽ പ്രശ്നരഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും. ഉദാഹരണത്തിന്, ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവിൽ, ശക്തനായിരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക. അഥവാ, ശക്തനായിരുന്നപ്പോൾ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോൾ, അല്ലെങ്കിൽ തന്നേക്കാൾ ശക്തനായി മറ്റൊരുവൻ വന്ന് കീഴ്പ്പെടുത്തി തൻ്റേതെല്ലാം കൊണ്ടുപോകാതിരിക്കുക എന്നതിനുള്ള ബുദ്ധി’, മീനാക്ഷി കുറിപ്പിൽ വ്യക്തമാക്കി.
ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. യഥാർത്ഥ സമത്വം എന്നാൽ ശാരീരികമായ പ്രവർത്തികളല്ല, മറിച്ച് സാമൂഹിക നീതിയുടെയും സുരക്ഷയുടെയും വിഷയമാണെന്ന് സൂചിപ്പിക്കുന്നതാണ് മീനാക്ഷി അനൂപിന്റെ ഈ പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
