Home » Blog » Cinema » ‘കച്ചൗഡി ഗലി’ യുമായി കോക്ക് സ്റ്റുഡിയോ ഭാരത്
12

കൊച്ചി : ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറവിയിലായ കുടുംബവേദനയും നഷ്ടങ്ങളും ആവിഷ്‌കരിക്കുന്ന ‘കച്ചൗഡി ഗലി’ എന്ന പുതിയ ഗാനവുമായി കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 4-ന്റെ മൂന്നാമത്തെ റിലീസ് പുറത്തിറക്കി. ബനാറസിലെ ഇടുങ്ങിയ തെരുവുകളും ഭോജ്പുരി നാടോടി പാരമ്പര്യവും ആസ്പദമാക്കിയ ഗാനത്തിൽ, ബ്രിട്ടീഷ് സൈന്യം ഭർത്താവിനെ യുദ്ധത്തിനായി റങ്കൂണിലേക്ക് കൊണ്ടുപോകുന്നത് കാണുന്ന ഒരു സ്ത്രീയുടെ ദുഃഖമാണ് പ്രമേയം.

ഗാനത്തിൽ മുഖ്യശബ്ദമായി രേഖ ഭരദ്വാജ് എത്തുമ്പോൾ, ഉത്പൽ ഉദിത്  നാടോടി സംഗീതത്തിന്റെ സ്വഭാവം നിലനിർത്തുന്ന സംഗീതാവിഷ്‌കാരം ഒരുക്കി. ക്വാബ് ഗാനത്തിൽ ശാന്തമായ വികാരതീവ്രത പകരുന്നു. നഷ്ടപ്പെട്ട കഥകളും സംസ്കാരങ്ങളും വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഗാനം എന്ന് കൊക്കകോള ഇന്ത്യ ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ ഐഎംഎക്സ് ലീഡ് ശന്തനു ഗംഗാനെ പറഞ്ഞു. യുദ്ധം മനുഷ്യരിൽ ഉണ്ടാക്കുന്ന നഷ്ടബോധമാണ് ഗാനത്തിന്റെ പ്രധാന ആവിഷ്‌കാരമെന്ന് രേഖ ഭരദ്വാജും പ്രതികരിച്ചു.

ഭോജ്പുരി നാടോടി പാരമ്പര്യവും വാമൊഴി കഥപറച്ചിലും ഇന്നത്തെ പ്രേക്ഷകരിലേക്ക് പുതുശൈലിയിൽ എത്തിക്കുന്ന ശ്രമമാണ് ‘കച്ചൗഡി ഗലി’യിലൂടെ തുടരുന്നതെന്ന് കോക്ക് സ്റ്റുഡിയോ ഭാരത് അറിയിച്ചു.

ഏ അജ്നബി, ബുല്ലേയ വെ എന്നിവയ്ക്ക് ശേഷം പ്രേക്ഷകർക്കായി സമകാലിക കലാകാരന്മാർ, ശബ്ദങ്ങൾ, സഹകരണങ്ങൾ എന്നിവയിലൂടെ പ്രാദേശിക ആഖ്യാനങ്ങളെ ഈ സീസൺ പുനർവ്യാഖ്യാനിക്കുന്നത് തുടരുന്നു.