images (48)

ആരോഗ്യ വകുപ്പിന് കീഴിൽ ലോക ബാങ്ക് സഹായത്തോടെ കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് 400 മില്യൺ യു.എസ്. ഡോളറിന് (3,400 കോടിയോളം രൂപ) ലോക ബാങ്ക് അന്തിമാനുമതി നൽകി. ഇതിന്റെ 70 ശതമാനമായ 280 മില്യൺ ഡോളർ (2400 കോടിയോളം രൂപ) ലോക ബാങ്കും ബാക്കി സംസ്ഥാനവുമാണ് വഹിക്കുന്നത്. 2023ൽ പ്രാഥമിക അംഗീകാരം ലഭിച്ചതിനെ തുടർന്ന് കേരളം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്ന് ലോക ബാങ്കുമായി നടത്തിയ ചർച്ചകൾക്ക് ശേഷം നടന്ന ലോക ബാങ്കിന്റെ ജനറൽ ബോഡിയാണ് അന്തിമ അംഗീകാരം നൽകിയത്.

ആരോഗ്യ മേഖലയിൽ വലിയ വികസനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. P for R (Programme for Results) മാതൃകയിൽ ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചത്. ഉയർന്ന ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങൾ, അപകടങ്ങൾ, അകാല മരണം എന്നിവയിൽ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും ജനങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉയർന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. പകർച്ചേതര വ്യാധികൾ തടയുന്നതിനായി സമഗ്രമായ ഒരു ആവാസ വ്യവസ്ഥ വികസിപ്പിക്കുക, സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മെച്ചപ്പെട്ട സമീപനങ്ങളിലൂടെയും ഉയർന്നുവരുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക, ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെ 24×7 അടിയന്തര പരിചരണ സൗകര്യങ്ങളുടെ കാര്യക്ഷമമായ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമർജൻസി, ട്രോമ കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുക, കൂടാതെ വയോജന സേവനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂടി ഇടപെടൽ മുഖേന, നിലനിൽക്കുന്ന വെല്ലുവിളികളും ഉയർന്നു വരുന്ന പുതിയ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങൾ പുനരാവിഷ്‌കരിക്കുക, വിഭവശേഷി വർദ്ധിപ്പിക്കുക, ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനുകൾ സാർവ്വത്രികമാക്കുകയും ആരോഗ്യത്തിനായി പൊതു ധനസഹായം വർധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

കേരള സംസ്ഥാനം പൊതുജനാരോഗ്യത്തിൽ, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തിൽ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളെ മറികടന്ന് ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും പുതിയ ആരോഗ്യ വെല്ലുവിളികളും പൊതുജനാരോഗ്യ മേഖലയിലെ ഫണ്ടിംഗിന്റെ അപര്യാപ്തതയും സാംക്രമികേതര രോഗങ്ങളുടെ വർദ്ധനവുമെല്ലാം കേരളത്തിന് അമിത ഭാരം സൃഷ്ടിക്കുന്നു. ആർദ്രം, ആരോഗ്യ ജാഗ്രത, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ സംരംഭങ്ങൾ ഈ വെല്ലുവിളികളെ പരിഹരിക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായാണ് ഒരു പുതിയ സേവന വിതരണ മാതൃക സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *