Home » Blog » Kerala » “കാശ് വാങ്ങി സ്വന്തം സ്ഥാനാര്‍ത്ഥിയെ ചതിച്ചു, ഒറ്റുകാരുടെ പട്ടിക കയ്യിലുണ്ട്, കാലുവാരിയവരെ കാലിൽ തൂക്കിയെറിയണം”; അന്വേഷണ കമ്മിഷനെ വയ്ക്കാന്‍ യുഡിഎഫ് യോഗത്തിൽ തീരുമാനം
5

പത്തനംതിട്ട: യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയോഗം ചതിയന്മാരെ ചൊല്ലി ബഹളത്തിലായി. ജയിച്ചതിനുശേഷമുള്ള ആദ്യയോഗത്തിൽ ആഹ്ലാദത്തോടെ എത്തിയ നിയുക്ത എം.എൽ.എ. അബിൻ വർക്കി പ്രവർത്തകരുടെ പോരാട്ടവീര്യം കണ്ട് പ്രത്യേകിച്ച് ‘അന്തംവിട്ടിരുന്നു. ബുധനാഴ്ച ജില്ലാ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമായ ഡി.സി.സി. ഓഫീസിലായിരുന്നു യോഗം. യു.ഡി.എഫ്. കൺവീനറാണ് ആദ്യം ‘ഒറ്റു വിഷയം’ അവതരിപ്പിച്ചത്.

എതിർസ്ഥാനാർഥിയിൽനിന്ന് കാശ് വാങ്ങി പ്രവർത്തനത്തിന് ഇറങ്ങാതിരിക്കുകയും നീക്കങ്ങൾ ഒറ്റുകൊടുക്കുകയും ചെയ്തവരുടെ പട്ടിക കൈയിലുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ യോഗം ബഹളത്തിലായി. അങ്ങനെയെങ്കിൽ അത് നാട്ടുകാരെ അറിയിക്കണമെന്നും കാലുവാരിയവരെ കാലിൽ തൂക്കിയെറിയണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു.

പ്രവർത്തകരോട് ശാന്തരാകാനും കഴിഞ്ഞത് കഴിഞ്ഞെന്നും അബിൻ വർക്കി പറഞ്ഞതോടെ സംഗതി കൂടുതൽ വഷളായി. ‘തോറ്റിരുന്നെങ്കിൽ എം.എൽ.എ. ഇത് പറയുമായിരുന്നോ?’ എന്നായിരുന്നു മറുചോദ്യം. ചതിച്ചവരുടെ പേര് പുറത്ത് വരണമെന്നും നടപടിവേണമെന്നുമുള്ള നിലപാടിൽ ഭൂരിഭാഗം പേരും ഉറച്ച് നിന്നതോടെ അന്വേഷണ കമ്മിഷനെ വെയ്ക്കാമെന്ന ധാരണയിലെത്തിയാണ് യോഗം അവസാനിപ്പിച്ചത്.