Home » Blog » Kerala » ‘ആ തീരുമാനം പെട്ടെന്നെടുത്തതല്ല’;ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് വിരാട് കോഹ്‌ലി
virat-680x450

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട നീണ്ട മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി. ആർ‌സി‌ബി ഇന്നൊവേഷൻ ലാബിന്റെ ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയിലാണ്, താൻ എന്തുകൊണ്ട് ആ തീരുമാനമെടുത്തു എന്ന് കോഹ്‌ലി ആദ്യമായി മനസ്സ് തുറന്നത്. ഏഴ് വർഷത്തെ ഭരണകാലത്ത് 68 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങൾ സമ്മാനിച്ച കോഹ്‌ലി, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായാണ് പടിയിറങ്ങിയത്.

 

തളർത്തിയ പ്രതീക്ഷകൾ

ക്യാപ്റ്റൻസി തന്നിലുണ്ടാക്കിയ മാനസിക സമ്മർദ്ദത്തെക്കുറിച്ച് കോഹ്‌ലി വിവരിച്ചു. “ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിന്റെയും നേതൃത്വത്തിന്റെയും കേന്ദ്രബിന്ദുവായി മാറിയതോടെ ഞാൻ പൂർണ്ണമായും തളർന്നുപോയിരുന്നു. ഈ ഉത്തരവാദിത്തങ്ങൾ എന്റെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം ഭാരമുണ്ടാക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. പ്രതീക്ഷകൾ കൈകാര്യം ചെയ്യുന്നത് അത്രമേൽ ബുദ്ധിമുട്ടായിരുന്നു,” കോഹ്‌ലി പറഞ്ഞു. തന്റെ പ്രൈം കാലഘട്ടത്തിൽ ടീമിനെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുക എന്നതിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

തുണയായത് രാഹുൽ ദ്രാവിഡും വിക്രം റാത്തോറും

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള നാളുകൾ തനിക്ക് ദുരിതപൂർണ്ണമായിരുന്നുവെന്ന് കോഹ്‌ലി സമ്മതിച്ചു. എന്നാൽ, ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിന് രാഹുൽ ദ്രാവിഡും വിക്രം റാത്തോറും വലിയ പിന്തുണ നൽകിയെന്ന് അദ്ദേഹം നന്ദിയോടെ ഓർക്കുന്നു. “ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഞാൻ മനസ്സ് തുറന്നത്. അവർ എന്നെ നന്നായി പരിപാലിച്ചു. അവർക്കുവേണ്ടി കളിക്കാനും മികച്ച പ്രകടനം നടത്താനും എനിക്ക് തോന്നി,” കോഹ്‌ലി കൂട്ടിച്ചേർത്തു. അവരുടെ കരുതൽ തന്റെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയെന്നും 2023-ലെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.