കോഴിക്കോട്: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി ബിജെപി. റിയാസിനെ ‘രണ്ടാം മുഹമ്മദലി ജിന്ന’ എന്ന് വിശേഷിപ്പിച്ചാണ് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു രംഗത്തെത്തിയത്. വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെ റിയാസ് വിമർശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച ബിജെപി, കോഴിക്കോട് റിയാസിന്റെ കോലം കത്തിച്ചു. ഈ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് ബാബു കുറിച്ചത്.
തനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളിൽ തളരില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. വന്ദേമാതരം വിവാദത്തിൽ താൻ ഉയർത്തിയ വിമർശനം ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. “മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചതിനാണ് ഞാൻ വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടുന്നത്. ശരീരം തന്നെ കത്തിച്ചാലും ശരി, മതനിരപേക്ഷ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ല പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
